തിരുവനന്തപുരം: മന്ത്രി ജി.ആര്‍ അനിലിന്‍റെയടുത്ത് വെടിവച്ചാൻ കോവിൽ സ്വദേശിനി സുഭദ്രയ്ക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. തന്‍റെ പിങ്ക് റേഷന്‍ കാര്‍ഡ് മാറ്റി മഞ്ഞ കാര്‍ഡ് നല്‍കണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം മന്ത്രിയുടെ ഉറപ്പും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സുഭദ്ര.
ചികിത്സയ്ക്ക് പണമില്ല
ഒന്നര സെന്‍റ് ഭൂമിയും മഴയത്ത് ചോർന്നൊലിക്കുന്ന ഒരു വീടുമാണ് സുഭദ്രയുടെ ആകെയുള്ള സമ്പാദ്യം. ആകെയുള്ള കൂട്ട് അപ്പു എന്ന വളര്‍ത്തുനായയാണ്.
എഴുത്തുകാരനും കഥാകൃത്തുമായിരുന്ന ഭർത്താവ് രാജൻ പൂങ്കോടിന്‍റെയും രണ്ട് പെൺമക്കളുടെയും മരണശേഷം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് സുഭദ്ര. 11 വയസുള്ളപ്പോഴാണ് മൂത്ത മകൾ മേദിനി മരിക്കുന്നത്. 2018ൽ ഇളയ മകൾ ഷീജ ദേവിയും മരിച്ചു.
ക്ഷേമനിധിയിൽ നിന്ന് കിട്ടുന്ന 1,600 രൂപയാണ് ആകെ വരുമാനം. ആർത്രൈറ്റിസ് രോഗബാധിതയായ സുഭദ്രയുടെ വലതുകൈ സ്‌തംഭിച്ച് തുടങ്ങിയിട്ടുണ്ട്.
ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ വാങ്ങാന്‍ പ്രതിമാസം ആയിരം രൂപ തികയില്ല. ഭക്ഷ്യ ധാന്യങ്ങൾക്ക് പുറമേ ചികിത്സാസൗജന്യം ലഭിക്കുമെന്നതാണ് മഞ്ഞ കാർഡ് വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ ഈ 74കാരിയെ പ്രേരിപ്പിക്കുന്നത്.