തിരുവനന്തപുരം: കട്ടപ്പുറത്തായ കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇനി മില്‍മ ഉല്‍പന്നങ്ങളുടെ രുചി നിറയും. പൊളിച്ചു വിൽക്കാനിട്ടിരുന്ന ബസുകളാണ് മോടിപിടിപ്പിച്ച് ഫുഡ് ട്രക്കുകളായി മാറ്റുന്നത്. ആദ്യ ഫുഡ് ട്രക്ക് മിൽമ സ്വന്തമാക്കി. കിഴക്കേകോട്ട ബസ് സ്‌റ്റാൻഡിന് സമീപം മിൽമയുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി തയാറാക്കിയ ഫുഡ് ട്രക്ക് ചൊവ്വാഴ്‌ച മുതൽ പ്രവർത്തനമാരംഭിക്കും.
മില്‍മയുടെ രുചി നിറച്ച് ആനവണ്ടി: ഈ ഫുഡ് ട്രക്ക് വേറെ ലെവല്‍ - കെഎസ്‌ആര്‍ടി ബസ്
കിഴക്കേകോട്ട ബസ് സ്‌റ്റാൻഡിന് സമീപം മിൽമയുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി തയാറാക്കിയ ഫുഡ് ട്രക്ക് ചൊവ്വാഴ്‌ച മുതൽ പ്രവർത്തനമാരംഭിക്കും.
രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ ലഭിക്കുന്ന വിദേശ രാജ്യങ്ങളിലെ ഫുഡ് ട്രക്കുകൾക്ക് സമാനമായാണ് കടകളുടെ രൂപകല്‍പ്പന. ട്രക്കിനുൾ വശവും മനോഹരമാണ്. തടിയുപയോഗിച്ച് സീലിങ്ങും വശങ്ങളും മോടി പിടിച്ചിട്ടുണ്ട്. മുൻവശത്ത് പച്ചപ്പുല്ലും ചെടികളും വച്ച് പിടിപ്പിച്ചാണ് ആകർഷകമാക്കിയിരിക്കുന്നത്. മിൽമയുടെ പാലും തൈരും ഐസ്‌ക്രീമും മിഠായിയുമെല്ലാം ഇവിടെ നിന്നും ലഭിക്കും. ബസ് സ്‌റ്റാന്‍ഡില്‍ വന്നിറങ്ങുന്നവർക്ക് മിനി ഷോപ്പിങ്ങ് സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്.
കാലാവധി കഴിഞ്ഞ രൂപമാറ്റം നടത്തുന്ന മറ്റു ബസുകൾ മത്സ്യഫെഡിന്‍റെയും കുടുംബശ്രീയുടെയും കടകളാകും. 75000 രൂപയ്ക്ക് പൊളിച്ചു വിറ്റിരുന്ന ബസുകളിൽ നിന്നാണ് വാടക ഇനത്തിൽ കെ.എസ്.ആർ ടി.സി യ്ക്ക് വരുമാനം ലഭ്യമാകുന്നത്. മറ്റു ഡിപ്പോകളിലും ഇത്തരം കടകൾ വ്യാപിപ്പിക്കും. സർക്കാർ സഹകരണ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. കെ.എസ്.ആർ.ടി.സിയുടെ സഞ്ചരിക്കുന്ന ഭക്ഷണ ശാലകളും ഉടൻ നിരത്തിലിറങ്ങും.