കേരളം

kerala

ETV Bharat / city

നോർവീജിയൻ സാങ്കേതിക വിദ്യ കേരളത്തിലേക്കും ; കൈ കോർക്കാനൊരുങ്ങി ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

മുഖ്യമന്ത്രിയുടെ നോർവെ സന്ദർശനത്തില്‍ ഉന്നതതല പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിൽ വിവിധ മേഖലകളിലെ വിദഗ്‌ധരുടെ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ ഉന്നതന്‍ ഡൊമനിക് ലെയ്ൻ ഉറപ്പുനൽകി

Norwegian Geotechnical Institute to join hands with Kerala  നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  പിണറായി വിജയന്‍റെ യൂറോപ്പ് പര്യടനം  മുഖ്യമന്ത്രി നോർവെയിൽ  ഡൊമനിക് ലെയ്ൻ  കേരളവുമായി സഹകരിക്കാൻ നോർവെ  Norwegian Geotechnical Institute  Europe tour of cm Pinarayi Vijayan  Chief Minister Pinarayi Vijayan  നോർവീജയൻ സാങ്കേതിക വിദ്യ  മുഖ്യമന്ത്രിയുടെ നോർവെ സന്ദർശനം  നോർവീജയൻ സാങ്കേതിക വിദ്യ കേരളത്തിലേക്കും
നോർവീജയൻ സാങ്കേതിക വിദ്യ കേരളത്തിലേക്കും; കൈകോർക്കാനൊരുങ്ങി നോർവീജിയൻ ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

By

Published : Oct 6, 2022, 6:05 PM IST

തിരുവനന്തപുരം : പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപ്പാത നിർമാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ കേരളവുമായി കൈകോർക്കാൻ നോർവീജിയൻ ജിയോ ടെക്‌നിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട്. മുഖ്യമന്ത്രിയുടെ നോർവെ സന്ദർശനത്തില്‍ ഉന്നതതല പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ് എൻജിഐ പിന്തുണ വാഗ്‌ദാനം ചെയ്‌തത്.

മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് വിവിധ മേഖലകളിലെ വിദഗ്‌ധരുടെ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ ഉന്നതന്‍ ഡൊമനിക് ലെയ്ൻ ഉറപ്പുനൽകിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ തുരങ്ക പാത നിർമാണത്തിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് എൻജിഐയുടെ സഹായം ലഭിക്കുന്നുണ്ട്.

ഏഴ് കിലോമീറ്റർ ആഴത്തിലെ പാറയുടെ സ്വഭാവത്തെ മനസിലാക്കുന്നതിനുള്ള നോർവീജിയന്‍ സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ വയനാട്ടിൽ ആരംഭിക്കുന്ന തുരങ്ക പാതയുടെ നിർമാണത്തിന് എൻജിഐയുടെ സാങ്കേതിക ഉപദേശം സഹായകമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കുന്ന സാങ്കേതിക വിദ്യ എൻജിഐ വിജയകരമായി നടപ്പിലാക്കി വരികയാണ്.

ഇന്ത്യയിൽ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻജിഐ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തീര ശോഷണത്തിന്‍റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്‌തമാക്കി. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, എൻജിഐയുടെ പദ്ധതികൾ സംസ്ഥാനത്തിന് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി.

പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വ്യക്തമാക്കി. വിദഗ്‌ധരുടെ കേരള സന്ദർശനത്തിന് ശേഷം സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡൊമനിക് ലെയ്ൻ വ്യക്തമാക്കി. സാങ്കേതിക വിദഗ്‌ധനും ഇന്ത്യൻ വംശജനുമായ രാജേന്ദ്രകുമാർ ഉൾപ്പടെ ആറംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തത്.

യൂറോപ്പ് പര്യടനത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയും സംഘവും നോർവെയിൽ സന്ദർശനം നടത്തിയത്. ഒക്‌ടോബർ അഞ്ച് മുതൽ ഏഴ് വരെ നോർവെയിലും ഒമ്പത് മുതൽ 12 വരെ യുകെയിലുമാണ് സന്ദർശനം. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ മാതൃകകൾ പഠിക്കുക, ആയുർവേദ ടൂറിസം മേഖലകളിലെ പങ്കാളിത്തം ഉറപ്പുവരുത്തുക, കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുക തുടങ്ങിയവയാണ് വിദേശ പര്യടനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

ABOUT THE AUTHOR

...view details