സംസ്ഥാനത്ത് ഭൂരിഭാഗം എടിഎമ്മുകളിലും സാനിറ്റൈസർ സൗകര്യമില്ല - എടിഎം
സർവെക്കായി തെരഞ്ഞെടുത്ത എസ്.ബി.ഐയുടെ എടിഎമ്മുകളിൽ പകുതിയിൽ താഴെയെണ്ണത്തില്‍ മാത്രമാണ് സാനിറ്റൈസറുകൾ ഉള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്തെ 43 ശതമാനം എടിഎമ്മുകളിലും സാനിറ്റൈസർ സൗകര്യമില്ലെന്ന് പഠനം. കൊച്ചി ആസ്ഥാനമായ സെന്‍റര്‍ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവിയോൺമെന്‍റൽ സ്റ്റഡീസ് നടത്തിയ സർവെയിലാണ് കണ്ടെത്തൽ. ജുലൈ 24 മുതൽ 27 വരെയാണ് സർവെ നടത്തിയത്. ഭൂരിഭാഗം എടിഎമ്മുകളിലും ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ മാത്രമാണ് ഉള്ളത്. ചിലയിടങ്ങളിൽ പേരിന് മാത്രം വളരെ ചെറിയ ബോട്ടിലുകളിലാണ് സാനിറ്റൈസർ വച്ചിരിക്കുന്നത്. സർവെക്കായി തെരഞ്ഞെടുത്ത എസ്.ബി.ഐയുടെ എടിഎമ്മുകളിൽ പകുതിയിൽ താഴെയെണ്ണത്തില്‍ മാത്രമാണ് സാനിറ്റൈസറുകൾ ഉള്ളത്. മറ്റു സ്വകാര്യ പൊതുമേഖല ബാങ്കുകളിൽ പകുതിയിലും സാനിറ്റൈസറുകൾ ഇല്ലെന്നും കണ്ടെത്തി. അതേ സമയം ബ്രാഞ്ചുകളോട് ചേർന്ന എടിഎമ്മുകളിൽ സ്ഥിതി ഏറെ മെച്ചമാണ്. ഒറ്റയ്ക്ക് നിൽക്കുന്നവയിൽ 38 ശതമാനത്തിൽ മാത്രമാണ് സാനിറ്റൈസറുള്ളത്. പഞ്ചായത്തുകളിൽ 55 ശതമാനത്തിലും മുൻസിപ്പാലിറ്റികളിൽ 52 ശതമാനം എ.ടി.എമ്മുകളിലും സാനിറ്റൈസർ ലഭ്യമാണ്. അതേ സമയം കോർപ്പറേഷൻ പരിധിയിൽ 70 ശതമാനം എ.ടി.എമ്മുകളിലും സാനിറ്റൈസറുകൾ ലഭ്യമാണെന്നും സർവേയിൽ പറയുന്നു. എ.ടി.എമ്മുകളിൽ നിർബന്ധമായും സാനിറ്റൈസുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് ബാങ്കുകളോട് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.