തിരുവനന്തപുരം: നാളെ മുതല്‍ നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങളില്‍ ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും ഉടന്‍ പ്രവേശനം വേണ്ടെന്ന തീരുമാനവുമായി ഏതാനും ഹൈന്ദവ സംഘടനകള്‍ രംഗത്തു വന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ ഉടന്‍ പ്രവേശിപ്പിക്കേണ്ടെന്ന് എന്‍എസ്‌എസ് തീരുമാനിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ക്ഷേത്ര സംരക്ഷണ സമിതിയുടെ ക്ഷേത്രങ്ങളിലും ഉടന്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. എന്നാല്‍ എസ്എന്‍ഡിപിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും തുറക്കും. കൊവിഡ് 19 നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തില്‍ ഉടന്‍ ക്ഷേത്ര പ്രവേശനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് കേരളത്തിലെ സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം. ഭക്തരെ നാളെ മുതല്‍ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അഖില കേരള തന്ത്രി സമാജം രംഗത്തു വന്നു. ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അടിയന്തരമായി ഇളവ് നല്‍കേണ്ടെന്നും തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് സമാജം മുഖ്യമന്ത്രിക്കു കത്തു നല്‍കി.
ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കേണ്ടെന്ന് ഹൈന്ദവ സംഘടനകള്‍ - SNDP
വിശ്വ ഹിന്ദു പരിഷത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ക്ഷേത്ര സംരക്ഷണ സമിതിയുടെ ക്ഷേത്രങ്ങളിലും, എന്‍എസ്എസിന്‍റെ കീഴീലുള്ള ക്ഷേത്രങ്ങളിലും ഉടന്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. എന്നാല്‍ എസ്എന്‍ഡിപിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും തുറക്കും.
ശിവഗിരി മഠത്തില്‍ ജൂണ്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും. ഇവിടെ പൂജകള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. കാടാമ്പുഴ ക്ഷേത്രം ഗസ്റ്റ് ഹൗസ് ക്വാറന്‍റൈന്‍ കേന്ദ്രമായതിനാല്‍ ആരോഗ്യ വകുപ്പിന്‍റെ അനുമതി ലഭിച്ച ശേഷമേ ക്ഷേത്രം തുറക്കുകയുള്ളൂ. ക്ഷേത്രം ഭക്തര്‍ക്കു തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ അടച്ചിടാന്‍ ഭരണ സമിതിയോഗം തീരുമാനിച്ചു. ഇവിടെ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വെര്‍ച്വല്‍ ക്യൂ സമ്പ്രദായം നിര്‍ത്തലാക്കി. സാഹചര്യങ്ങള്‍ പിന്നീട് വിലയിരുത്തിയ ശേഷമാകും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. അതേ സമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നാളെ പുലര്‍ച്ചെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാകും പ്രവേശനം. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ വഴിയാണ് ഭക്തര്‍ക്ക് ദര്‍ശനം. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിങ് ആരംഭിച്ച ഞായറാഴ്ച 522 പേര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്തു.