തിരുവനന്തപുരം: ഡിജിപി അനിൽ കാന്തിൻ്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയച്ച് അധ്യാപികയുടെ പക്കൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ പിടിയില്‍. റൊമാനസ് ക്ലീബുസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഡൽഹി ഉത്തം നഗറിലെത്തിയാണ് ഇയാളെ പിടികൂടിയത്.
കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയിൽ നിന്നാണ് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തത്. ഇവർ സ്ഥിരമായി ഓൺലൈൻ ലോട്ടറിയെടുക്കാറുണ്ട്. ഡിജിപിയുടെ ചിത്രമുള്ള വാട്‌സ്ആപ്പ് നമ്പറിൽ നിന്നും ലോട്ടറിയടിച്ചെന്നും നികുതിയിനത്തിൽ 14 ലക്ഷം അടയ്ക്കണമെന്നും സന്ദേശം ലഭിക്കുകയായിരുന്നു. താൻ ഇപ്പോൾ ഡൽഹിയിലാണ്. ഒരാഴ്‌ചയ്ക്കകം തിരികെയെത്തും. അതിന് മുമ്പ് പണം അടയ്ക്കണം, ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നായിരുന്നു സന്ദേശം.