തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. പൊതുശ്‌മശാന നിര്‍മാണത്തില്‍ കാലതാമസം നേരിടുന്നെന്ന് ആരോപിച്ച് ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രര്‍ത്തകര്‍ നഗരസഭക്ക് മുമ്പില്‍ പ്രതിഷേധിച്ചു. പ്രതീകാത്മക ശവമഞ്ചം ഉൾപ്പടെ കൊണ്ടുവന്നായിരുന്നു സമരം. സമരത്തിൽ യുഡിഎഫ് കൗൺസിലർമാരായ പുന്നക്കാട് സജു, ഗ്രാമം പ്രവീൺ എന്നിവർ പങ്കെടുത്തിരുന്നു. പ്രതിഷേധ പരിപാടിക്ക് ഒടുവിൽ ശവമഞ്ചം കൗൺസിൽ ഹാളിലേക്ക് കയറ്റാനുള്ള നീക്കം പൊലീസ് തടഞ്ഞു. എന്നാല്‍ സജുവിനെയും പ്രവീണിനെയും നഗരസഭാ ഹാളിലേക്ക് പ്രവേശിപ്പിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് സമരക്കാര്‍ നിലപാടെടുത്തതോടെ പൊലീസ് ഇരുവരെയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചു. ഇതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്.
നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും - തിരുവനന്തപുരം
ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തതും പ്ലക്കാര്‍ഡുമായി കൗണ്‍സില്‍ യോഗത്തിലേക്ക് എത്തിയതുമാണ് വാക്കേറ്റത്തിന് ഇടയാക്കിയത്
പ്ലക്കാര്‍ഡുമായി കൗണ്‍സില്‍ ഹാളില്‍ എത്തിയ ഇവര്‍ക്കെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ എതിര്‍പ്പ് ഉന്നയിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായാണ് ഇവര്‍ പ്രതിഷേധം നടത്തിയതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരും ആരോപിച്ചു. ഇതോടെ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളുയുമായി. തുടര്‍ന്ന് കൗണ്‍സിലര്‍മാരായ സജീവും പ്രവീണും ഹാളില്‍ നിന്നും പുറത്തുപോയതോടെയാണ് പ്രശ്നം അവസാനിച്ചത്. ഇരുവരും ശവമഞ്ചം നഗരസഭ ഓഫീസിന് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. അതേസമയം 50 ലക്ഷം ചിലവഴിച്ച് പെരുംപഴുതൂർ കോട്ടൂരിൽ പുതുതായി നിർമിക്കാന്‍ ഉദ്ദേശിക്കുന്ന വൈദ്യുത ശ്‌മശാനത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്നും നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.