തിരുവനന്തപുരം: നെയ്യാറ്റിൻകര ഉദിയൻകുളങ്ങര ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് മുന്നിൽ പെട്ട കുട്ടിയെ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡ്രൈവറുടെ കരുതലും, അവസരോചിതമായ ഇടപെടലുമാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. നെയ്യാറ്റിൻകര അമരവിള സ്വദേശിയും പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവറുമായ കെ. രാജേന്ദ്രനെയാണ് പൗരാവലി സ്നേഹാദരവ് എന്ന പരിപാടിയിലൂടെ ആദരിച്ചത്.
നെയ്യാറ്റിൻകരയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹീറോയ്‌ക്ക് പൗരാവലിയുടെ ആദരവ് - കെഎസ്ആര്‍ടിസി ഡ്രൈവര്‍
കെഎസ്ആർടിസി ബസിന് മുന്നിൽ പെട്ട കുട്ടിയെ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവര്‍ കെ രാജേന്ദ്രനെയാണ് ആദരിച്ചത്.
കഴിഞ്ഞ 29ന് ഉദിയൻകുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഷോപ്പിങ്ങിന് എത്തിയ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ കുഞ്ഞ് ദേശീയപാതയിലേക്ക് വീണ കളിപ്പാട്ടത്തിന് പുറകെ പാഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി ബസിന് മുന്നിൽ പെട്ടത്. ഈ ബസിലെ ഡ്രൈവർ ആയിരുന്നു രാജേന്ദ്രന്‍റെ സമയോചിതമായ ഇടപെടൽ കാരണം പിഞ്ചു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കുട്ടിയുടെ കൈയിൽ ഉണ്ടായിരുന്നു പന്ത് റോഡിലേക്ക് തെറിച്ചു വരുന്ന ശ്രദ്ധയിൽപ്പെട്ട രാജേന്ദ്രൻ ബസ് നിയന്ത്രണ വിധേയമാക്കി നിർത്തുന്നതിന് ഒപ്പം മറ്റു വാഹനങ്ങൾ ബസിനെ ഓവർടേക്ക് ചെയ്യാതെയും ശ്രദ്ധിച്ചു.
വാഹനമോടിക്കുന്ന ഓരോ ഡ്രൈവറും മാതൃകയോടെ അനുകരിക്കേണ്ട പ്രവർത്തിയാണ് രാജേന്ദ്രന്‍റേതെന്ന് അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ പറഞ്ഞു. കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമിതി അംഗം ആശ്രയ രഞ്ജിത്ത് അധ്യക്ഷനായി. അപകടം നടന്ന കടയുടെ മുന്നിലാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം സംഭവത്തിനുശേഷം സുരക്ഷിതരായി മടങ്ങിയ കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.