തിരുവനന്തപുരം: ഇരുചക്രവാഹനത്തിന് പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും തീരുമാനം.
പുതിയ ഹെല്‍മെറ്റ് നിയമം പ്രാബല്യത്തില്‍; പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് - പുതിയ ഹെല്‍മറ്റ് നിയമം
ഹൈക്കോടതി ഉത്തരവ് പ്രകാരം ഇരുചക്രവാഹനത്തിന് പിന്നില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മെറ്റ് ധരിക്കണം. ആദ്യതവണ നിയമം തെറ്റിച്ചാൽ 500 രൂപയും ആവർത്തിച്ചാല്‍ ആയിരം രൂപയുമാണ് പിഴ
ആദ്യ ദിവസമായ ഇന്ന് ബോധവൽക്കരണമാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്. അപകടസാധ്യതകളും പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് യാത്രക്കാരോട് പ്രധാനമായും പറയുന്നത്. ആദ്യ ദിവസം മാത്രമാണ് ബോധവൽക്കരണം നടത്തുന്നത്. നാളെ മുതൽ കർശന പരിശോധനയും പിഴയും ഈടാക്കാനാണ് തീരുമാനം. ആദ്യതവണ നിയമം തെറ്റിച്ചാൽ 500 രൂപയും ആവർത്തിച്ചാല്‍ ആയിരം രൂപയുമാണ് പിഴ.
നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതും സുരക്ഷാ ക്ലിപ് ഇടാതെ ഹെൽമറ്റ് ധരിക്കുന്നതും നിയമവിരുദ്ധമാണ്. ഇത് സംബന്ധിച്ച ബോധവല്‍ക്കരണമാണ് ആദ്യ ദിവസം പൊലീസും മോട്ടോർ വാഹനവകുപ്പും നൽകുന്നത്. പുതിയ തീരുമാനത്തോട് അനുകൂലിക്കുന്ന നിലപാടാണ് ഭൂരിഭാഗം യാത്രക്കാര്‍ക്കുമുള്ളത്. അതേസമയം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ ഹെൽമെറ്റ് ഉപയോഗിക്കുന്നവരുമുണ്ട്. ഹെൽമെറ്റ് പരിശോധന ശക്തമാക്കുമ്പോൾ അത് ഹെൽമെറ്റ് വേട്ടയുടെ രൂപത്തിലേക്ക് മാറരുതെന്ന കർശന നിർദേശമാണ് പരിശോധന നടത്തുന്നവര്‍ക്ക് ഡിജിപി നൽകിയിരിക്കുന്നത്.