തിരുവനന്തപുരം/ഡല്‍ഹി: മലയാളികളായ എട്ട് വിനോദ സഞ്ചാരികളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അതിവേഗ നടപടികളുമായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍. നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. എംബസി ഉദ്യോഗസ്ഥരോട് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കാനും വിവരങ്ങള്‍ നിരന്തരം അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്‍റെ യഥാര്‍ത്ഥ സ്ഥിതിയെന്താണെന്ന് മനസിലാക്കാന്‍ ഇന്ത്യന്‍ എംബസിയിലെ ഒരു ഡോക്ടറെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടു; നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിച്ചേക്കും - നേപ്പാളിലെ ഇന്ത്യന്‍ എംബസി
അടിയന്തരമായി ഇടപെടണമെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നോര്‍ക്ക അധികൃതര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി താന്‍ സംസാരിച്ചതായി ചേങ്കോട്ടുകോണം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം ടൂറിസം മന്ത്രിയും ദു:ഖം രേഖപ്പെടുത്തി.