തിരുവനന്തപുരം: നേപ്പാളിന്‍റെ ഇന്ത്യയ്‌ക്കെതിരായ ഇപ്പോഴത്തെ നീക്കങ്ങള്‍ സമ്മര്‍ദ്ദ തന്ത്രമെന്ന് വിദേശകാര്യ വിദഗ്ധനും അമേരിക്കന്‍ മുന്‍ അംബാസഡറുമായ ഡോ.ടി.പി.ശ്രീനിവാസന്‍. ചൈനയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നു എന്നു വരുത്തി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ് നേപ്പാള്‍ തന്ത്രം. പക്ഷേ ഇന്ത്യയും നേപ്പാളുമായി പ്രത്യേക ഉടമ്പടി ഉള്ള സാഹചര്യത്തില്‍ നേപ്പാള്‍, ഇന്ത്യ ബന്ധം നേപ്പാള്‍, ചൈന ബന്ധത്തില്‍ നിന്ന് വ്യത്യസ്തമാണ്. ഇക്കാര്യം ഇന്ത്യ അവരെ നിരന്തരം ഓര്‍മിപ്പിച്ചു വരുന്നതുമാണ്.
നേപ്പാളിന്‍റേത് സമ്മര്‍ദ തന്ത്രം മാത്രമെന്ന് ഡോ.ടി.പി.ശ്രീനിവാസന്‍ - ഡോ.ടി.പി.ശ്രീനിവാസന്‍
ഇന്ത്യയെ പിണക്കി അവര്‍ മുന്നോട്ടു പോകുമെന്ന് കരുതുന്നില്ല. പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇടിവി ഭാരതിനനുവദിച്ച അഭിമുഖത്തില്‍ ഡോ.ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായുള്ള സഹകരണമില്ലാതെ നേപ്പാളിന് ഒരടി മുന്നോട്ടു പോകാനാകില്ല. വന്‍ വില നല്‍കി ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നേപ്പാളിന് വെറുതെ നല്‍കുകയാണ്. ലോകത്തെ ഏക ഹിന്ദു രാജ്യം എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നേപ്പാള്‍ സന്ദര്‍ശനം ഒരു ഫലവും ഉണ്ടാക്കിയില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യ-ചൈന യുദ്ധത്തിനു ശേഷം നേപ്പാളിന്‍റെ കൂടി ആവശ്യപ്രകാരം ഇന്ത്യ അവിടെ സ്ഥാപിച്ച സൈനിക പോസ്‌റ്റുകള്‍ മാറ്റിയതിനു പിന്നിലും ചൈനയുടെ സമ്മര്‍ദമുണ്ട് പക്ഷേ അന്നു പോലും നേപ്പാള്‍ കാലാപാനിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ നേപ്പാളിന്‍റെ നീക്കം അങ്ങേയറ്റം പ്രകോപനപരമാണ്.
ഒരു പക്ഷേ ഭരണഘടനാ ഭേദഗതിയിലേക്ക് നേപ്പാള്‍ നീങ്ങിയാല്‍ ഭാവിയില്‍ അവര്‍ ആഗ്രഹിച്ചാല്‍ പോലും ആ പ്രദേശങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയില്ല. അതിനാല്‍ ഇന്ത്യയെ പിണക്കി അവര്‍ മുന്നോട്ടു പോകുമെന്ന് കരുതുന്നില്ല. പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇത്രയും പ്രകോപനപരമായ നീക്കം നടത്തുന്നതിനുപിന്നില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളുമുണ്ട്. തനിക്ക് അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന് ശര്‍മ്മ ഒലി കടുത്ത ദേശീയത ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ പ്രകോപനപരമായ നീക്കങ്ങളെന്നും ഇടിവി ഭാരതിനനുവദിച്ച അഭിമുഖത്തില്‍ ഡോ.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.