തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിൽ സിപിഎം അംഗം രാജി വച്ച വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐയിലെ എസ്. രവീന്ദ്രൻ 26 വോട്ടുകൾ നേടി വിജയിച്ച് വൈസ് ചെയർമാൻ പദവിയിൽ സ്ഥാനമേറ്റു. കാലാകാലങ്ങളായി സിപിഐക്ക് ആയിരുന്നു നെടുമങ്ങാട് നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനം.
നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സ്ഥാനം സിപിഐക്ക് സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭയിൽ പക്ഷേ പതിവിനു വിപരീതമായി സിപിഎമ്മിലെ ഹരി കേശൻനായർ വൈസ് ചെയർമാൻ സ്ഥാനത്ത് വന്നതിൽ സിപിഐ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് ജില്ലാ ഘടകത്തിന്‍റെ നിർദേശപ്രകാരം ഹരി കേശൻ നായർ രാജിവയ്‌ക്കുകയും ചെയ്ത സാഹചര്യത്തിലാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
സിപിഐ സ്ഥാനാർഥിയായി എസ്.രവീന്ദ്രനെ ലേഖാ വിക്രമൻ നിർദേശിക്കുകയും മഞ്ച കൗൺസിലർ പ്രിയ പിന്താങ്ങുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥിയായി ടി.ലളിതയെ മന്നൂർക്കോണം രാജേന്ദ്രൻ നിർദേശിക്കുകയും സന്ധ്യ പിൻതാങ്ങുകയും ചെയ്തു. എന്നാൽ താമസിച്ചെത്തിയ ബിജെപി കൗൺസിലറെ കയറ്റാത്തത് കൊണ്ട് ബിജെപിയിലെ മറ്റംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയുണ്ടായി.
പിന്നീട് സഭയിലെ 34 അംഗങ്ങൾ വോട്ട് ചെയ്യുകയും സിപിഐയിലെ എസ്.രവീന്ദ്രന് 26 വോട്ടുകൾ നേടി വിജയിക്കുകയുണ്ടായി. യുഡിഎഫിലെ ലളിതയ്ക്ക് എട്ട് വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ സത്യവാചകം ചൊല്ലി കൊടുത്തു. ഇടതുമുന്നണിയിലെ സിപിഐ - സിപിഎം അസ്വാരസ്യം ഭരണത്തെ സാരമായി ബാധിക്കുമെന്ന് യുഡിഎഫ് കൗൺസിലർ പുങ്കുമൂട് അജി പറഞ്ഞു.