തിരുവനന്തപുരം:അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനം ഒഴിയുമ്പോൾ കണ്ണൂരില്‍ നിന്നുള്ള എംവി ഗോവിന്ദനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി പദം കണ്ണൂരിലേക്ക് വീണ്ടും പോകുമ്പോൾ ജില്ല മാത്രമല്ല പേരിലെ സാമ്യവും സെക്രട്ടറി പദത്തിലുണ്ട്.
1996 മുതല്‍ 1998 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദനും കണ്ണൂർ നാറാത്ത് നിന്നുള്ള നേതാവായിരുന്നു. കണ്ണൂർ ജില്ല സെക്രട്ടറിയായും ചടയൻ ഗോവിന്ദൻ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂരിലേക്ക് പോകുന്ന സെക്രട്ടറി പദം: കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ ജനിച്ച സിഎച്ച് കണാരനാണ് സിപിഎമ്മിന്‍റെ കേരളത്തിലെ ആദ്യ സംസ്ഥാന സെക്രട്ടറി. അതിനു ശേഷം 1972ല്‍ കണ്ണൂരില്‍ നിന്നുള്ള ഇകെ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980 മുതല്‍ 1992 വരെ ആലപ്പുഴയില്‍ നിന്നുള്ള വിഎസ് അച്യുതാനന്ദനും 1992 മുതല്‍ 1996 വരെ വീണ്ടും ഇകെ നായനാരും അതിനു ശേഷം ചടയൻ ഗോവിന്ദനും സംസ്ഥാന സെക്രട്ടറിമാരായി.
ചടയൻ ഗോവിന്ദന്‍റെ മരണത്തെ തുടർന്ന് 1998ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയ പിണറായിയും അതിനു ശേഷം കോടിയേരി ബാലകൃഷ്‌ണനും കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണ്. കോടിയേരി ചികിത്സയ്ക്കായി അവധിയില്‍ പോയപ്പോൾ (2020-21) എ വിജയരാഘവൻ (മലപ്പുറം ജില്ല) ആക്‌ടിങ് സെക്രട്ടറിയായും പ്രവർത്തിച്ചു.