തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ഇന്ന് രാവിലെ (07.09.2021) ജോലിക്കായി പുറത്തിറക്കിയപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നത്.
2017 ജൂണ്‍ 15നാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജാഹിര്‍ ഹുസൈനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കൊവിഡിനെ തുടര്‍ന്ന് ജയിലില്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനാല്‍ പ്രതികളുടെ എണ്ണം കുറവാണ്. അലക്ക് ജോലിക്കായാണ് ഇയാളെ സെല്ലിനു പുറത്തു കൊണ്ടു വന്നത്. ഇതിനിടെയായിരുന്നു രക്ഷപ്പെടലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജിയാണ് ജാഹിര്‍ഹുസൈനെ ശിക്ഷ വിധിച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് ജയില്‍ചാട്ടം. സംഭവത്തെ തുടര്‍ന്ന് പൂജപ്പുര പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. തിരുവനന്തപുരത്തിന്‍റെ പരിസര പ്രദേശങ്ങളിലും തിരച്ചില്‍ ശക്തമാക്കി. സംസ്ഥാന വ്യാപകമായി ഇയാളെ കുറിച്ച് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് ആറ് മാസം മുന്‍പാണ് ആര്യകൊലക്കേസിലെ മുഖ്യപ്രതി രക്ഷപ്പെട്ടത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
Also read: സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി യുവതിയുടെ പരാതി