തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാരണയാകുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ യു.ഡി.എഫും വെല്‍ഫയര്‍പാര്‍ട്ടിയും പരസ്പരം മത്സരിക്കില്ല. യു.ഡി.എഫുമായി വെല്‍ഫയര്‍പാര്‍ട്ടിയുടെ സഹകരണത്തെ എതിര്‍ക്കാര്‍ എല്‍.ഡി.എഫിന് ധാര്‍മ്മികാവകാശമില്ലെന്നും യോഗം വിലയിരുത്തി. മുന്നണിയില്‍ ഘടകകക്ഷിയാക്കണമെന്ന പി.സി.തോമസിന്‍റെ ആവശ്യം തത്കാലം അംഗീകരിക്കേണ്ടതില്ലെന്നും പി.ജെ.ജോസഫിന്‍റെ പാര്‍ട്ടിയിലൂടെ മുന്നണിയിലേക്ക് വരാമെന്നും യോഗം നിര്‍ദ്ദേശിച്ചു. അതേസമയം മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി ഒരു തരത്തിലുള്ള നീക്കുപോക്കുമില്ലെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ നീക്ക് പോക്കുണ്ടാകുമെന്ന് മുല്ലപ്പള്ളി - തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ധാരണയാകുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ യു.ഡി.എഫും വെല്‍ഫയര്‍പാര്‍ട്ടിയും പരസ്പരം മത്സരിക്കില്ലെന്നും മുല്ലപ്പള്ളി
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി 50ലധികം പഞ്ചായത്തുകളില്‍ ഭരണം പങ്കിടുന്ന സി.പി.എം ഇപ്പോള്‍ അവര്‍ക്കെതിരെ രംഗത്തു വന്നത് വിചിത്രമായി തോന്നുന്നു. യു.ഡി.എഫിനെ സഹായിക്കാന്‍ തയ്യാറായി പലരും മുന്നോട്ടു വരുന്നു. ധീവരസഭയുമായി ചര്‍ച്ചകള്‍ നടന്നു. മറ്റ് ഏതൊക്കെ സംഘടനകളുമായി ചര്‍ച്ച നടത്തിയെന്ന് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷരായ പല വിഭാഗങ്ങളുടെയും വോട്ടു കൊണ്ടു തന്നെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുള്ളത്. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ നയങ്ങളും തുറന്നു കാട്ടും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍, വനിതകള്‍, പട്ടിക ജാതി വിഭാഗങ്ങള്‍ എന്നിവരടങ്ങിയ മികച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. റിബലുകളായി മത്സരിച്ച് മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ ശേഷം ഏതെങ്കിലും നേതാവിന്‍റെ പിന്തുണയോടെ പിന്നീട് പാര്‍ട്ടിയിലേക്ക് വരാമെന്ന ധാരണ ആര്‍ക്കും വേണ്ട. തദ്ദേശ ഭരണ സ്ഥാപങ്ങളുടെ അധ്യക്ഷന്‍മാരെ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി തീരുമാനിക്കും. ആരെങ്കിലും സ്വയം പ്രഖ്യാപിത അധ്യക്ഷന്‍മാരായി രംഗത്തു വന്നാല്‍ അതിനെ അയോഗ്യതയായി കെ.പി.സി.സി കരുതുമെന്നും മുല്ലപ്പള്ളി പറഞ്ഞു.