തിരുവനന്തപുരം:പല പരാതികളുമായി ആളുകൾ പൊലീസ് സ്റ്റേഷനില്‍ എത്താറുണ്ട്. എന്നാല്‍ തിരുവനന്തപുരം പാലോടുള്ള ഒരു കുടുംബത്തിന് പരാതികളില്ല വെള്ളക്കടലാസില്‍ എഴുതിയ ഒരു അപേക്ഷയാണ് പൊലീസ് സ്റ്റേഷനിലേക്ക് അവർ നല്‍കിയത്. നിവൃത്തിക്കേടിലാണ്, 2000 രൂപ കടം തരണമെന്നായിരുന്നു ആവശ്യം. ജീവിതത്തിന്‍റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ശശികല എന്ന വീട്ടമ്മയുടെ ആ കത്ത്.
പണം കടം ചോദിച്ച് സ്റ്റേഷനിലെത്തിയ വീട്ടമ്മക്ക് കൈനിറയെ സഹായവുമായി പൊലീസ് - palode police station story
ഭര്‍ത്താവ് ഉപേക്ഷിച്ച പെരിങ്ങമ്മല സ്വദേശിയാണ് സഹായം അഭ്യര്‍ഥിച്ച് സ്റ്റേഷനിലെത്തിയത്. ഒരു മാസത്തേക്ക് കുടുംബത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങളും പണവും നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍ മാതൃക കാണിച്ചു
![പണം കടം ചോദിച്ച് സ്റ്റേഷനിലെത്തിയ വീട്ടമ്മക്ക് കൈനിറയെ സഹായവുമായി പൊലീസ് കടം ചോദിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കത്ത് പാലോട് പൊലീസ് സ്റ്റേഷൻ എസ് ഐ സതീഷ് കുമാർ mother seek help story palode police station story SI satheesh kumar statement](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7552329-165-7552329-1591764425516.jpg)
"പെരിങ്ങമ്മലയിൽ വാടകയ്ക്കു താമസിക്കുകയാണ്. മക്കൾ പ്ലസ് ടൂവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാൻ പോകുന്നതിനു പോലും കയ്യിൽ പണമില്ല. 2000 രൂപ കടമായി തരണം. വീട്ടു ജോലിക്കു പോയ ശേഷം തിരികെ തരാം". ഇതായിരുന്നു ശശികലയുടെ കത്ത്.
കത്ത് വായിച്ച പാലോട് സ്‌റ്റേഷനിലെ എസ്ഐ സതീഷ് കുമാർ ഉടൻ തന്നെ കുടുംബത്തെ സ്റ്റേഷനിലെത്തിച്ച് 2000 രൂപ നൽകി. കൂടുതല്‍ വിവരങ്ങൾ തിരക്കിയപ്പോഴാണ് ഭർത്താവ് ഉപേക്ഷിച്ചതാണെന്നും കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥൻ അറിഞ്ഞത്. കുടുംബത്തിന്‍റെ അവസ്ഥ അറിഞ്ഞതോടെ അവരെ സഹായിക്കാൻ സ്റ്റേഷനിലെ പൊലീസുകാരും ഒരുമിച്ചു. കുടുംബത്തിന് ആവശ്യമായ ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണ് വീട്ടമ്മയെയും മക്കളെയും അവർ വീട്ടിലേക്ക് അയച്ചത്. കരുണയുടെയും കരുതലിൻ്റേയും മനുഷ്യത്വ മുഖമായി മാറുകയാണ് പാലോട് ജനമൈത്രി പൊലീസ്.