തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കൊവിഡ് വാക്‌സിന്‍ എടുക്കാത്ത ജീവനക്കാർ 1707. അധ്യാപകരെയും അനധ്യാപകരെയും ചേർത്തുള്ള കണക്കാണിത്. എൽപി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിൽ 1066 പേർ ഇനിയും വാക്‌സിന്‍ എടുത്തിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തില്‍ 223 പേരും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല.
201 പേർ കുത്തിവയ്‌പ്പ് എടുക്കാത്ത മലപ്പുറം ജില്ലയാണ് മുന്നിൽ. 124 പേർ വാക്‌സിന്‍ എടുക്കാത്ത തൃശൂര്‍ ജില്ലയാണ് രണ്ടാമത്. കാസർകോട് (36), വയനാട് (29) ജില്ലകളിലാണ് കുറവ്. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കണക്കുകൾ പുറത്തുവിട്ടത്. അൺ എയ്‌ഡഡ് സ്‌കൂളുകളിലെ വാക്‌സിനെടുക്കാത്തവരുടെ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുക്കാത്ത അധ്യാപകർ, ആരോഗ്യകാരണങ്ങൾ മൂലമാണെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധന നടത്തിയ രേഖ ഹാജരാക്കണം. ഈ രണ്ട് നിർദേശവും പാലിക്കാത്തവർ ശമ്പളമില്ലാത്ത അവധിയെടുത്ത് പോകണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.
രോഗ അനുബന്ധ പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാനാകാത്തത് സർക്കാർ അംഗീകരിക്കുന്നു. അധ്യാപകരുടെ പേരുവിവരങ്ങൾ തൽക്കാലം പുറത്തുവിടുന്നില്ല. തുടർന്നും വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകർക്കുള്ള നടപടി ഈ ഘട്ടത്തിലെ പുരോഗതി വിലയിരുത്തി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.