കേരളം

kerala

ETV Bharat / city

ഒടുവില്‍ രാജി, സജി ചെറിയാൻ പുറത്ത്

രണ്ടാം പിണറായി സർക്കാരിലെ ആദ്യ രാജി. സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പരാമർശത്തില്‍, കേന്ദ്ര നേതൃത്വവും ഘടകകക്ഷികളും നിലപാട് കടുപ്പിച്ചതോടെ രാജിവെയ്ക്കാൻ പാർട്ടി നിർദ്ദേശം നല്‍കുകയായിരുന്നു.

saji cheriyan
ഒടുവില്‍ രാജി, സജി ചെറിയാൻ പുറത്ത്

By

Published : Jul 6, 2022, 5:57 PM IST

Updated : Jul 6, 2022, 7:07 PM IST

തിരുവനന്തപുരം:ഭരണഘടനയെ രൂക്ഷമായി വിമർശിച്ചും സത്യപ്രതിജ്ഞ ലംഘനം നടത്തിയും വിവാദത്തിലായ സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. കോടതി ഇടപെടുന്നത് വരെ രാജി വേണ്ടെന്ന നിലപാടിലേക്ക് രാവിലെ സിപിഎം സംസ്ഥാന നേതൃത്വം എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വവും ഘടകകക്ഷികളും നിലപാട് കടുപ്പിച്ചതോടെ രാജിവെയ്ക്കാൻ പാർട്ടി നിർദ്ദേശം നല്‍കുകയായിരുന്നു.

നാളെ സമ്പൂർണ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ രാവിലെ അറിയിച്ചിരുന്നത്. സജി ചെറിയാനെ വിളിച്ചുവരുത്തിയാണ് ഇന്ന് രാവിലെ സിപിഎം അവയ്‌ലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. വിവാദ പ്രസംഗത്തില്‍ മന്ത്രി യോഗത്തില്‍ വിശദീകരണം നല്‍കി. പ്രസംഗം നാക്ക് പിഴയാണെന്ന നിലപാട് മന്ത്രി യോഗത്തില്‍ ആവർത്തിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ വിമർശിക്കാനാണ് ശ്രമിച്ചതെന്നും സജി ചെറിയാൻ വിശദീകരണം നല്‍കി.

എന്നാല്‍ മന്ത്രിയുടെ വാക്കുകളില്‍ മിതത്വവും ജാഗ്രതയും വേണമായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു. മന്ത്രിയുടെ പ്രസംഗം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അതേസമയം യോഗത്തിന് ശേഷം പുറത്തുവന്ന മന്ത്രി സജി ചെറിയാനോട് രാജിക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'എന്തിന് രാജിയെന്നാണ്' മന്ത്രി മാധ്യമങ്ങളോട് ചോദിച്ചത്.

ഒടുവില്‍ പാർട്ടിയും കൈവിട്ടു: രണ്ട് ദിവസം മുൻപ് മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പ്രാദേശിക പരിപാടിയിലാണ് ഭരണഘടനയെ അതിരൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്. ഇന്നലെ (05.07.22) രാവിലെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്തെത്തിയത്. അതോടെ യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തി. വിഷയത്തില്‍ രാജ്‌ഭവൻ കൂടി ഇടപെട്ടതോടെ മന്ത്രിയും സിപിഎമ്മും ശരിക്കും പ്രതിരോധത്തിലായി.

പ്രസംഗം വളച്ചൊടിച്ചതാണെന്നും നാക്ക് പിഴയാണെന്നും പറഞ്ഞ് സജി ചെറിയാൻ ഇന്നലെ തന്നെ നിയമസഭയില്‍ ഖേദ പ്രകടനവും നടത്തി. എന്നാല്‍ ഭരണഘടന വിദഗ്ധരും നിയമവിദഗ്ധരും മന്ത്രി രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്ന വാദവും ഉയർത്തിയതോടെ സംഭവം വലിയ വിവാദമായി. അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്‌ണപിള്ള മന്ത്രിയായിരുന്നപ്പോൾ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗവും അതിനെ തുടർന്നുള്ള രാജിയും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നതോടെ സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം ഭരണഘടന വിരുദ്ധമാണെന്ന പൊതു വികാരം ശക്തമായി.

ഇന്ന് (07.07.22) പ്രതിപക്ഷം നിയമസഭയില്‍ വിഷയം അതി ശക്തമായി ഉയർത്തിയതോടെ എട്ട് മിനിട്ട് മാത്രം സമ്മേളിച്ച നിയമസഭ പിരിച്ചുവിട്ട സ്‌പീക്കർ ഭരണപക്ഷത്തെ രക്ഷിച്ചെടുത്തുവെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കോടതി ഇടപെടുന്നത് മന്ത്രിയെ സംരക്ഷിക്കാൻ തീരുമാനിച്ച പാർട്ടി ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു.

രണ്ടാം പിണറായി സർക്കാരിലെ ആദ്യ രാജി: രണ്ടാം പിണറായി സർക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാൻ. ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എയാണ്. 2006ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2018ല്‍ കെകെ രാമചന്ദ്രൻനായരുടെ മരണത്തെ തുടർന്ന് ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി. 2021ല്‍ വീണ്ടും ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച് രണ്ടാം പിണറായി സർക്കാരില്‍ മന്ത്രിയായി.

ഒന്നാം പിണറായി സർക്കാരില്‍ സിപിഎം നേതാവ് ഇപി ജയരാജൻ, എൻസിപി നേതാവ് എകെ ശശീന്ദ്രൻ, ജനതാദൾ നേതാവ് മാത്യു ടി തോമസ് എന്നിവർ രാജിവെച്ചിരുന്നു. ഇതില്‍ ഇപി ജയരാജനും എകെ ശശീന്ദ്രനും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തി.

Last Updated : Jul 6, 2022, 7:07 PM IST

ABOUT THE AUTHOR

...view details