തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സർക്കാർ നിലപാട് നിയമസഭയിൽ വ്യക്തമാക്കി മന്ത്രി കെ.കൃഷ്‌ണൻകുട്ടി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നത് തന്നെയാണ് സർക്കാർ നിലപാടെന്നും സുപ്രീം കോടതിയിൽ നിലപാട് പല തവണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി ധാരണയുണ്ടാക്കാൻ ഡിസംബറിൽ മുഖ്യമന്ത്രി തല ചർച്ച നടത്തുമെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.
നിലവിലുള്ള അണക്കെട്ടിന് 366 മീറ്റർ താഴെ പെരിയാർ ടൈഗർ റിസർവിലാണ് പുതിയ അണക്കെട്ട് നിർമിക്കാൻ ആലോചിക്കുന്നത്. പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി വേണമെന്നും അതിനായി പരിസ്ഥിതിഘാത പഠന നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു വേണ്ടിയായിരുന്നു മന്ത്രി കെ.കൃഷ്‌ണൻ കുട്ടിയുടെ മറുപടി.