തിരുവനന്തപുരം :ലോക്ക് ഡൗണ്‍ കാലത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ കേന്ദ്രം സംസ്ഥാനത്തിന് ഇളവു നല്‍കിയെങ്കിലും ചില കലക്ടര്‍മാര്‍ തടസം നില്‍ക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ചില ജില്ലാ കലക്ടര്‍മാര്‍ പാറപൊട്ടിക്കാന്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് പെരുമാറ്റം. അധികാരം കിട്ടിയതിന്‍റെ അല്‍പ്പത്തമാണ് ഏതാനും ജില്ലാ കലക്ടര്‍മാര്‍ കാണിക്കുന്നത്. അതിന്‍റെ ഫലമായുള്ള ചില പ്രശ്‌നങ്ങള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുണ്ട്. സിമന്‍റിന് അമിത വില കൂട്ടുന്ന വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അധികാരമുണ്ടെങ്കിലും അവര്‍ ഇടപെടുന്നില്ല. ദുരന്ത നിവാരണ നിയമം കലക്ടര്‍മാര്‍ക്ക് അനന്തമായ അധികാരങ്ങളാണ് നല്‍കുന്നത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തുന്ന വ്യാപാരികള്‍ക്കെതിരെയും അവര്‍ ഇടപെടണമെന്ന് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചില കലക്‌ടര്‍മാര്‍ ഇടംകോലിടുന്നു: മന്ത്രി ജി. സുധാകരൻ - ജി സുധാകരൻ വാര്‍ത്തകള്‍
അധികാരം കിട്ടിയതിന്‍റെ അല്‍പ്പത്തമാണ് ഏതാനും ജില്ലാ കലക്ടര്‍മാര്‍ കാണിക്കുന്നതെന്ന് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
പൊതുമാരമത്ത് വകുപ്പില്‍ ധന വകുപ്പ് കടന്നു കയറുന്നു എന്നഭിപ്രായമില്ല. പക്ഷേ ചില അധികാരങ്ങള്‍ വിട്ടൊഴിയാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ധനവകുപ്പ് ഇന്നേവരെ തയ്യാറായിട്ടില്ല. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് അവര്‍ തയാറായാല്‍ ധനവകുപ്പിനും സര്‍ക്കാരിനും നല്ലതാണ്. ബജറ്റില്‍ ഒരു പ്രവൃത്തിക്ക് പണം അനുവദിച്ചു കഴിഞ്ഞാല്‍ പണം വകമാറ്റുന്നുണ്ടെങ്കില്‍ മാത്രം ധനവകുപ്പ് ഇടപെടുന്നതാണ് നല്ലത്. പക്ഷേ ഇവിടെ സ്ഥിതി അതല്ല. ധനവകുപ്പ് ഇപ്പോള്‍ എന്തെങ്കിലും തടസം ഉണ്ടാകുന്നുവെന്ന് പറയാനാകില്ല. കിഫ്ബിയുടെ പ്രവര്‍ത്തനം മെച്ചപ്പെടണം എന്നഭിപ്രായമുണ്ടെങ്കിലും കിഫ്ബി കാരണം 30000 കോടി രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിന് ലഭിച്ചത്. ബജറ്റിലൂടെയാണെങ്കില്‍ ഇത്രയും തുക ലഭിക്കില്ല. പ്രതിപക്ഷത്തിന് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും എല്ലാറ്റിനെയും വിമര്‍ശിക്കുന്നത് അവര്‍ക്ക് ഗുണമാകില്ലെന്നും സുധാകരന്‍ പറഞ്ഞു.