തിരുവനന്തപുരം: ജോസ് കെ.മാണിയെ കുത്തിയും സിപിഎമ്മിനെ വിമര്‍ശിച്ചും സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പാലായില്‍ ജോസ് കെ.മാണിയെക്കാള്‍ ജനകീയത യുഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു.
ജോസ് കെ.മാണി; പാലായിൽ മെച്ചം കണ്ടില്ല
പാലായില്‍ എല്‍ഡിഎഫ് വോട്ടില്‍ വിള്ളലില്ല. പാലായിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്‍ഡിഎഫിനല്ല. അതേ സമയം ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതിന്‍റെ മെച്ചം പാലായില്‍ കാണാനായില്ലെന്ന കുറ്റപ്പെടുത്തലുണ്ട്. മൂവാറ്റുപുഴയില്‍ എംഎല്‍എ ആയിരുന്ന എല്‍ദോ എബ്രഹാമിന്‍റെ ആഢംബര വിവാഹം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. നാട്ടികയില്‍ പാര്‍ട്ടിക്ക് വിജയിക്കാനായെങ്കിലും തെരഞ്ഞെടുപ്പ് രംഗത്തു നിന്നു മാറ്റി നിര്‍ത്തപ്പെട്ട സിറ്റിങ് എംഎല്‍എ ഗീതാഗോപിയുടെ പ്രവര്‍ത്തനം തൃപ്‌തികരമായിരുന്നില്ല.
കുണ്ടറയിലെ സ്ഥാനാർഥിയുടെ സ്വഭാവ രീതി
പീരുമേട്, മണ്ണാര്‍ക്കാട് നിയോജക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നില്ല. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതികളും പി.സി.വിഷ്‌ണുനാഥിന്‍റെ ജനകീയതയും തമ്മിലായിരുന്നു മത്സരം. മറ്റൊരു മണ്ഡലത്തില്‍ നിന്നെത്തിയിട്ടും വിനയാന്വിത ഭാവത്തില്‍ വോട്ടര്‍മാരെ സമീപിച്ച് വിഷ്‌ണുനാഥിന് വളരെ വേഗം വോട്ടര്‍മാരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞു.
ഹരിപ്പാടും പറവൂരും സിപിഎം സഹകരണം ഫലപ്രദമായില്ല
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടും നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മത്സരിച്ച പറവൂരിലും സിപിഎം സഹകരണം ഫലപ്രദമായില്ല. ഹരിപ്പാട് മണ്ഡലത്തിലെ സിപിഎം ശക്തികേന്ദ്രമായ തൃക്കുന്നപ്പുഴ പഞ്ചായത്തിലും കുമാരപുരം പഞ്ചായത്തിലും വേണ്ടത്ര മുന്നേറ്റമുണ്ടാക്കാനാകാത്തത് സിപിഎം നിസഹകരണം കൊണ്ടാണ്.
കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയുടെ ദയനീയ തോല്‍വിയെകുറിച്ച് പ്രത്യേകം പഠിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് കാര്യമായ തിരുത്തലുകള്‍ വരുത്താതെ സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
READ MORE:ശക്തികേന്ദ്രങ്ങളില്‍ വരെ വോട്ട് ചോര്‍ച്ച ; സിപിഎമ്മിനെതിരെ സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്