തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മെഗാ തിരുവാതിര വിവാദമായതോടെ പൊലീസ് കേസെടുത്തു. ജില്ല പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
READ MORE:തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണം കാറ്റിൽപ്പറത്തി സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി മെഗാതിരുവാതിര
കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് മെഗാതിരുവാതിര സംഘടിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ ഡിസിസി വൈസ് പ്രസിഡന്‍റ് എം മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്.
പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ, ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ജനാധിപത്യമഹിള അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പാറശാല ചെറുവാരക്കോണത്താണ് മെഗാ തിരുവാതിര അരങ്ങേറിയത്.