തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ താന്‍ നടത്തിയ ആരോപണം പച്ചക്കള്ളവും അസംബന്ധവുമെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഡിജിറ്റല്‍ തെളിവുകൾ ഉൾപ്പടെ നിരത്തിയാണ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്‍റെ വെബ്‌സൈറ്റില്‍ 2020 മെയ് 20ന്, കമ്പനിയുടെ സ്ഥാപകയുടെ മെന്‍ററും ഗൈഡും ജെയ്ക്ക് ബാലകുമാറാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജെയ്ക്ക് ബാലകുമാര്‍ ഡയറക്‌ടറായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വിവാദങ്ങളില്‍പ്പെട്ടതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായി.
പിന്നീട് ജൂണ്‍ 20ന് സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ നിന്ന് ഈ വാചകം അപ്രത്യക്ഷമായി. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഫൗണ്ടര്‍ ആയി കാണിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും അവകാശിയായി കാണിച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനെയുമാണ്. ഫൗണ്ടര്‍ വീണ വിജയന്‍റെ മെന്‍ററും ഗൈഡുമാണ് ജെയ്ക്ക് ബാലകുമാര്‍ എന്ന് ഒരിക്കല്‍ പറഞ്ഞത് പിന്നീട് എന്തിന് പിന്‍വലിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.