തിരുവനന്തപുരം :മക്കളെ ക്ഷേത്രകലാകാരന്‍മാരാക്കുക, ഒരച്ഛന്‍റെ ഉറച്ച ആഗ്രഹം യാഥാർഥ്യമാക്കുകയാണ് മരുതത്തൂര്‍ ബ്രദേഴ്‌സ് എന്ന പഞ്ചവാദ്യ കലാകാരന്‍മാര്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മരുതത്തൂരിലാണ് പഞ്ചവാദ്യം കൊണ്ട് മാത്രം ജീവിക്കുന്ന ഈ കുടുംബമുള്ളത്.
തിരുവട്ടാറിലെ കാഷ്യു ഫാക്‌ടറി സൂപ്പര്‍വൈസറായിരുന്ന വേലുദാസും മക്കളായ ഗോപകുമാറും ഗിരീഷ് കുമാറും ഭാര്യാസഹോദരന്‍റെ പുത്രനായ ശിവപ്രസാദുമാണ് പഞ്ചവാദ്യ രംഗത്ത് ശ്രദ്ധേയരായി തിളങ്ങുന്നത്.
മരുതത്തൂര്‍ ബ്രദേഴ്‌സ് : പഞ്ചവാദ്യത്തിലെ കുടുംബ മഹിമ ഭജന്‍പ്രമുഖൻ വേലുദാസ്
ഭജനയും മൃദംഗവും ഡോലക്കും തബലയും നന്നായി കൈകാര്യം ചെയ്യുന്ന ഭജന്‍പ്രമുഖനായിരുന്നു വേലുദാസ്. മക്കളെ ക്ഷേത്ര കലാരംഗത്തേയ്ക്ക് കൊണ്ടുവരണമെന്നത് അദ്ദേഹത്തിന്‍റെ ഉറച്ച തീരുമാനമായിരുന്നു.
മൂത്ത മകന്‍ ഗോപകുമാറിനെ 1998ല്‍ വൈക്കത്തെ ക്ഷേത്ര കലാപീഠത്തില്‍ ചേര്‍ത്ത് പഞ്ചവാദ്യം പഠിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്ര കലാരംഗത്ത് തന്നെ താൽപര്യം കാണിച്ച രണ്ടാമത്തെ മകന്‍ ഗിരീഷും പഞ്ചവാദ്യം പഠിച്ചു.
പഞ്ചവാദ്യ കുടുംബം
സോപാന സംഗീതവും വടക്കന്‍ രീതിയിലെ ചെണ്ടമേളവും കളമെഴുത്ത് പാട്ടും കൊമ്പ് പറ്റുമൊക്കെ പഞ്ചവാദ്യ പഠനത്തിനൊപ്പം ഇവര്‍ പരിശീലിച്ചിരുന്നു. ഇവരോടൊപ്പം ബന്ധു കൂടിയായ ശിവപ്രസാദും ചേര്‍ന്നു.
ഈ രംഗങ്ങളിലെല്ലാം തിളങ്ങി നില്‍ക്കുന്നതിനിടെ ഗോപകുമാറിനും ഗിരീഷിനും ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചു. നെയ്യാറ്റിന്‍കര തൃപ്പലവൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യകലാകാരനാണ് ഗോപകുമാര്‍. ഗിരീഷ് കുമാര്‍ നെയ്യാറ്റിന്‍കര വീരചക്രം ദേവസ്വത്തിലെ പഞ്ചവാദ്യം കലാകാരനും.
പുതുതലമുറയും പഞ്ചവാദ്യത്തിലേക്ക്
ദേവസ്വം ബോര്‍ഡിലായതിനാല്‍ ഗോപകുമാറും ഗിരീഷ് കുമാറും ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ മാത്രമാണ് പഞ്ചവാദ്യം നടത്തുന്നത്. ശിവപ്രസാദ് ഫ്രീലാന്‍സ് കലാകാരനാണ്.
താരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഷോകളിലും ഇവര്‍ സജീവമാണ്. ക്ഷേത്ര കലകള്‍ പാരമ്പര്യ തനിമയോടെ നിലനിര്‍ത്താനാണ് ഇവരുടെ ശ്രമം. അതിനാല്‍ കുടുംബത്തിലെ പുതിയ തലമുറയെയും ഇവര്‍ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നു.
ALSO READ:ഡ്രാഗണ്‍ ഫ്രൂട്ട് മുതല്‍ തണ്ണിമത്തന്‍ വരെ ; ഇത് റോയിയുടെ 'ഏദന്‍ തോട്ടം'