തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളായ പയറ്റുവിള സ്വദേശി വിജുകുമാർ (42), കുഴിവിള സ്വദേശി രാജേഷ് (45) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
കുത്താനുപയോഗിച്ച കത്തി രണ്ടാം പ്രതി രാജേഷിന്‍റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങൾ പ്രതികളുടെ സാന്നിധ്യത്തില്‍ പൊലീസ് പരിശോധിച്ചു. മരുതൂർക്കോണം റോഡിലെ ആക്രി കടയ്ക്ക് സമീപത്ത് പ്രതികളുൾപ്പെടെയുള്ളവരുടെ സ്ഥിരം മദ്യപാന കേന്ദ്രമായ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
നിർണായക വിവരങ്ങൾ ലഭിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകമാണെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. ഒളിവിലുള്ള മൂന്നു പേരെ പിടികൂടി ചോദ്യം ചെയ്‌താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയൊള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്.
ഫെബ്രുവരി 3ന് രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം. പയറ്റുവിള സ്വദേശി ബി സജികുമാറാർ (44) ആണ് കൊല്ലപ്പെട്ടത്. വിഴിഞ്ഞം ഉച്ചക്കട മരുതൂർക്കോണം റോഡിൽ വച്ച് സജികുമാറിന് കുത്തേല്‍ക്കുകയായിരുന്നു.