കൊവിഡ് ദുരിതത്തിനിടയിലും വീണ്ടുമൊരു കര്‍കടകമാസം കൂടി. കര്‍ക്കടകമെന്നാല്‍ മലയാളിക്ക് തോരാത്ത മഴ ചൊരിയുന്ന ദുരിതം മാത്രമല്ല തണുത്ത കാറ്റേറ്റ് മനസ് തണുപ്പിക്കാനുള്ള കാലം കൂടിയാണ്.
രാമായണ മാസം ആരംഭം
വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നാണ് കര്‍ക്കടകം. രാമായണ മാസമായാണ് അവര്‍ കര്‍ക്കടകത്തെ കാണുന്നത്. അതിനാല്‍ തന്നെ വരുന്ന ഒരു മാസക്കാലം വിശ്വാസികള്‍ക്ക് അദ്ധ്യാത്മിക ചിന്തകള്‍ക്കുള്ളതാണ്. നിലവിളക്കിന് മുന്നില്‍ എഴുത്തച്ഛന്‍റെ കിളിപ്പാട്ട് രാമായണം പാരായണം ചെയ്‌ത് ഭക്തിനിര്‍ഭരമാകുന്ന കാലം. അദ്ധ്യാത്മിക ചിന്തകളില്‍ മനം നിറയുന്ന വിശ്വാസി പുത്തന്‍ ചിന്തകളുമായി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കും.
വറുതിയുടെ പഞ്ഞമാസം
ഭക്തിക്കപ്പുറം പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുടെ കഥ കൂടിയുണ്ട് കര്‍ക്കടകത്തിന് പറയാന്‍. പാടത്തും പറമ്പിലും പണിയില്ലാത്ത വറുതിയുടെ കാലം. ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് കീഴില്‍ മേലാളന്‍റെ കനിവ് കാത്ത് കഴിഞ്ഞ കാലം. ഒരു നേരത്തെ അന്നത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്തെ പഞ്ഞമാസമെന്ന പേരിട്ടും മലയാളി വിളിച്ചിരുന്നു.
മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും വിളിപേരുണ്ട് ഈ മാസത്തിന്. മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു, കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു തുടങ്ങിയ പഴം ചൊല്ലുകള്‍ ഇതില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്.
ഇഴമുറിയാത്ത മഴയാണ് കർക്കടകത്തിന്‍റെ സവിശേഷത. സൂര്യനെ കാണാനേ കഴിയില്ല. കാലവും കാലാവസ്ഥയും മാറിയെങ്കിലും പോയ കാലത്തിന്‍റെ സ്‌മരണകള്‍ ഇപ്പോഴും മലയാളിയുടെ മനസിലുണ്ട്.
കർക്കടകവാവുംപിതൃതര്‍പ്പണവും
മനസിന്‍റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്ക് നോക്കുന്ന സമയമാണ് കര്‍ക്കടകമെന്നും വിശ്വാസമുണ്ട്. നമ്മുടെ സര്‍വ്വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശി. അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍ക്കടക രാശിക്ക് കൈവരുന്നു എന്നാണ് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നത്.
പിതൃക്കൾക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കർക്കടകവാവും പിതൃതർപ്പണവും നടക്കുന്നത്. വടക്ക് തിരുന്നെല്ലിയും മധ്യകേരളത്തില്‍ ആലുവയും പിതൃതര്‍പ്പണത്തിന്‍റെ പ്രധാന കേന്ദ്രങ്ങളാണ്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന ദിവസമാണിതെന്നാണ് ഭൗമശാസ്‌ത്ര വിദഗ്‌ദരുടെ അഭിപ്രായം. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്.
ക്ഷേത്രങ്ങളില്‍പ്രത്യേക പൂജകള്‍
കര്‍ക്കടകമാസം ആരംഭം പ്രമാണിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടന്നു. കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്‌ച തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. കൂടാതെ ഗുരുവായൂര്‍, വടക്കുംനാഥ ക്ഷേത്രം, കോഴിക്കോട് തളിമഹാദേവ ക്ഷേത്രം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ആലുവ മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജയും നടന്നു.
Also read: കര്‍ക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു