തിരുവനന്തപുരം:ജിഎസ്‌ടി വെട്ടിപ്പ് തടയുന്നതിനായി സംസ്ഥാന ചരക്ക് സേവന വകുപ്പ് ആരംഭിച്ച ലക്കി ബിൽ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. മൊബൈല്‍ ആപ്പിലൂടെ യഥാര്‍ഥ ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം രൂപ വരെ നേടാനാകും. ബില്ല് ചോദിച്ച് വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള ഡിജിറ്റല്‍ സർവകലാശാലയുടെ പങ്കാളിത്തത്തോടെയാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. രാജ്യത്ത് ഇത്തരത്തില്‍ ഒരു സംരംഭം ഇതാദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീ, വനശ്രീ നല്‍കുന്ന ഗിഫ്‌റ്റ് പാക്കേജുകള്‍, കെടിഡിസി ടൂര്‍ പാക്കേജ്, ബംബര്‍ സമ്മാനമായി 25 ലക്ഷം രൂപ എന്നിവയാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് നല്‍കുക.