തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാവുകയും അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നവംബർ വരെ മഴ ശക്തമായിരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ വെള്ളിയാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം റെഡ് അലർട്ടിന് സമാനമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
മഴയ്‌ക്കെപ്പം ഇടിമിന്നലും ശക്തമായിരിക്കുമെന്നും കലക്‌ടർമാരുമായി സ്ഥിതിഗതികൾ വിലയിരുത്തി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിആർഎഫിന്‍റെ 12 സംഘങ്ങൾ സജ്ജമാണ്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ; നവംബർ വരെ ശക്തമായ മഴ ALSO READ:ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി ; ആര്യൻ ഖാന് ജാമ്യം
മുല്ലപ്പെരിയാറിൽ ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ രാവിലെ മുതൽ ആളുകളെ മാറ്റി പാർപ്പിക്കുന്നുണ്ട്. അണക്കെട്ട് പരിസരത്തെ 339 കുടുംബങ്ങളിലെ 1036 പേരെ ഇതുവരെ മാറ്റി താമസിപ്പിച്ചു. ആറ് ക്യാമ്പുകളാണ് തുറന്നത്. തമിഴ്‌നാട് സർക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ട്.
തമിഴ്‌നാടുമായുള്ള ആശയവിനിമയം തുടരുന്നുണ്ട്. വെള്ളിയാഴ്‌ച രാവിലെ ആറുമണിയോടെ ഡാം തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. ആർഡിഒ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും എന്നാൽ കനത്ത ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.