തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ കുറച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുതുക്കും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതുക്കിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചത്. മന്ത്രിസഭ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചു.
സിപിഐയില്‍ നിന്നും റവന്യൂമന്ത്രി കെ രാജനാണ് എതിര്‍പ്പറിയിച്ചത്. സിപിഐയ്ക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടെന്നാണ് മന്ത്രി യോഗത്തെ അറിയിച്ചത്. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നും മന്ത്രി അറിയിച്ചു.
ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയിലെത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും മന്ത്രിസഭ യോഗത്തെ അറിയിച്ചു. ഇതിനു ശേഷമാണ് ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിയമഭേദഗതി ഓര്‍ഡിനന്‍സിനെ നേരത്തെ എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമര്‍ശിച്ചിരുന്നു.