തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിന് ഇനി രണ്ട് നാള്‍ മാത്രം അവശേഷിക്കേ മുന്നണികള്‍ അവസാന ഘട്ട പ്രചാരണം ശക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ചൊവ്വാഴ്‌ച നടക്കുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ 2015 ലെ തെരഞ്ഞെടുപ്പ് കണക്കുകളിലൂടെ...
തിരുവനന്തപുരം
തിരുവനന്തപുരത്തെ ഫലം ഇങ്ങനെ പൊതുവെ എല്‍.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് തിരുവനന്തപുരം. 2010 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥിതി ദയനീയമായിരുന്നു. 2015ല്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ശക്തമായ സാന്നിധ്യം അറിയിച്ച ബി.ജെ.പി രണ്ട് ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫിനെ പിന്തള്ളി മികച്ച പ്രതിപക്ഷമായി. നാല് മുനിസിപ്പാലിറ്റികളിലും ബി.ജെ.പി നില മെച്ചപ്പെടുത്തി.
കൊല്ലം
കൊല്ലം ജില്ലയില്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മികച്ച മുന്നേറ്റമായിരുന്നു. 68 ഗ്രാമപഞ്ചായത്തുകളില്‍ 60 ഇടത്തും എല്‍.ഡി.എഫ് ഭരണം പിടിച്ചു. യു.ഡി.എഫിന് 8 പഞ്ചായത്തുകള്‍ മാത്രമാണ് ലഭിച്ചത്. 11 ബ്ലോക്ക് പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും എല്‍.ഡി.എഫാണ് ഭരിക്കുന്നത്.
പത്തനംതിട്ട
പത്തനംതിട്ടയിലെ ഫലം ഇങ്ങനെ ശക്തമായ എല്‍.ഡി.എഫ് തരംഗത്തിലും യു.ഡി.എഫ് അടിപതറാതെ നിന്ന ജില്ലയാണ് പത്തനംതിട്ട. മൂന്ന് പഞ്ചായത്ത് ഭരണം പിടിച്ച് ബി.ജെ.പിയും 2015ല്‍ ഇവിടെ മികച്ച പ്രകടനം കാഴ്‌ച വച്ചു. ജില്ലയില്‍ ആകെയുള്ള 53 ഗ്രാമപഞ്ചായത്തുകളില്‍ 30 ഇടങ്ങളിൽ യു.ഡി.എഫും, 21 ഇടങ്ങളിൽ എല്‍.ഡി.എഫും വിജയിച്ചു. മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ ഭരണം ബി.ജെ.പിക്കും ലഭിച്ചു. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് യു.ഡി.എഫും മൂന്നിടത്ത് എല്‍.ഡി.എഫും ഭരണം പിടിച്ചു. നാല് മുനിസിപ്പാലിറ്റികളില്‍ 2 വീതം എല്‍.ഡി.എഫും യു.ഡി.എഫും ഭരണം പങ്കിട്ടു. ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്.
ആലപ്പുഴ
2015ല്‍ എല്‍.ഡി.എഫ് മുന്നേറ്റമുണ്ടായ ജില്ല. 72 ഗ്രാമപഞ്ചായത്തുകളില്‍ 46 പഞ്ചായത്തുകളുടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിന് 25 ഇടത്ത് ഭരണം ലഭിച്ചു. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് എല്‍.ഡി.എഫിനും മൂന്നിടത്ത് യു.ഡി.എഫിനും ഭരണം. ആകെയുള്ള ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്ത് ഭരണം പിടിക്കാനായതാണ് യു.ഡി.എഫിന്‍റെ ഏക ആശ്വാസം. ജില്ലാ പഞ്ചായത്ത് ഭരണവും എല്‍.ഡി.എഫിനാണ്.
ഇടുക്കി
പൊതുവേ യു.ഡി.എഫിന് മുന്‍തൂക്കമുള്ള ജില്ല. 2015ല്‍ 52 ഗ്രാമപഞ്ചായത്തുകളില്‍ 28 ഇടത്ത് യു.ഡി.എഫിനും 22 ഇടത്ത് എല്‍.ഡി.എഫിനും ഭരണം ലഭിച്ചു. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴെണ്ണവും യു.ഡി.എഫ് നേടി. രണ്ട് മുനിസിപ്പാലിറ്റികളില്‍ ഒന്ന് വീതം എല്‍.ഡി.എഫും യു.ഡി.എഫും പിന്നിട്ടു. ജില്ലാ പഞ്ചായത്ത് ഭരണവും യു.ഡി.എഫിന്.