തിരുവനന്തപുരം :കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജും. മലപ്പുറം സ്വദേശിയ്ക്ക് അടുത്ത ബന്ധുവാണ് കരള്‍ പകുത്ത് നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടെയാണ് പൂര്‍ത്തിയായത്.
നാഷ് എന്ന അസുഖം കാരണം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ച രോഗിയിലാണ് കരള്‍ മാറ്റി വച്ചത്. ശസ്ത്രക്രിയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്‍റ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുവാന്‍ രണ്ടാഴ്‌ചയോളം സമയമെടുക്കും.
സര്‍ജിക്കല്‍ ഗ്യാസ്ട്രോ, അനസ്തീഷ്യ ആന്‍റ് ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്ട്രോ, റേഡിയോളജി, ഓപ്പറേഷന്‍ തീയറ്റര്‍ ടീം, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, മൈക്രോബയോളജി, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, നഴ്‌സിങ് വിഭാഗം, പത്തോളജി, കെ സോട്ടോ തുടങ്ങിയ വിഭാഗങ്ങളിലെ 50 ഓളം പേരുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഏറെ പണച്ചെലവുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജുകളില്‍ ഇതിനായി നടപടികള്‍ സ്വീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരികയാണ്.