തിരുവനന്തപുരം: അബ്‌കാരി നിയമം ഭേദഗതി ചെയ്ത് സർക്കാർ. ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാനായാണ് സർക്കാർ അബ്‌കാരി നിയമം ഭേദഗതി ചെയ്തത്. നിയമം ഭേദഗതി ചെയ്ത് സർക്കാർ വിഞ്ജാപനമിറക്കി. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച മദ്യവിൽപ്പന പുനരാരംഭിക്കുമ്പോൾ തിരക്ക് ഒഴിവാക്കാനാണ് സർക്കാർ നടപടി.
അബ്കാരി നിയമം ഭേദഗതി ചെയ്‌തു; ബാറുകൾ വഴി മദ്യം പാഴ്സല്‍ നല്‍കും
സംസ്ഥാനത്തെ 605 ബാറുകളിലെ കൗണ്ടറിൽ നിന്നും മദ്യം പാഴ്സലായി വിൽപ്പന നടത്താനാകും. ബിവറേജസ് കോർപ്പറേഷന്‍റെ വില്‍പ്പന കേന്ദ്രത്തിലെ വില മാത്രമേ ബാറുകളിൽ നിന്ന് മദ്യം വാങ്ങുമ്പോഴും ഈടാക്കാവൂ
സർക്കാർ നിശ്ചയിക്കുന്ന ദിവസം വരെ താല്‍ക്കാലിക സംവിധാനം എന്ന നിലയിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇത് പ്രകാരം സംസ്ഥാനത്തെ 605 ബാറുകളിലെ കൗണ്ടറിൽ നിന്നും മദ്യം പാഴ്സലായി വിൽപ്പന നടത്താനാകും. ബിവറേജസ് കോർപ്പറേഷന്‍റെ വില്‍പ്പന കേന്ദ്രത്തിലെ വില മാത്രമേ ബാറുകളിൽ നിന്ന് മദ്യം വാങ്ങുമ്പോഴും ഈടാക്കാവൂ. ബിവറേജസിന്‍റെയും കൺസ്യൂമർ ഫെഡിന്‍റെയും 301 ഔട്ട് ലെറ്റുകൾ കൂടാതെ ഇത്രയും ബാർ കൗണ്ടറുകൾ കൂടിയാകുമ്പോൾ തിരക്ക് നിയന്ത്രിക്കാനവുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. മദ്യ വില്‍പ്പന വെർച്ച്വല്‍ ക്യൂ വഴി നടത്താനാണ് സർക്കാർ തീരുമാനം. ഇതിനായുള്ള ആപ്ലിക്കേഷൻ അവസാന ഘട്ടത്തിലാണ്. ഇത് കൂടി പ്രവർത്തന സജ്ജമായാല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബാർ കൗണ്ടർ വഴി മദ്യം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അഴിമതി ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.