തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌ഡൗണിന് ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. എന്നാല്‍ മറ്റ് ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിയതായും മന്ത്രി പറഞ്ഞു. 2016-17 കാലത്ത് 205.41 ലക്ഷം കെയ്‌സ് വിദേശമദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറുമാണ് വിറ്റുപോയത്. എന്നാല്‍ 2020-21 ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായാണ് കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ഇതില്‍ നിന്നും മദ്യത്തിന്‍റെ ഉപഭോഗം കേരളത്തില്‍ കുറഞ്ഞെന്നാണ് കാണുന്നത്. മദ്യവില്‍പ്പനയില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മദ്യത്തിൻ മേൽ ചുമത്തുന്ന നികുതിയേയും വിലയേയും അടിസ്ഥാനപ്പെടുത്തിയാണ്. നികുതി വര്‍ധിക്കുന്നതിനുസരിച്ച് വരുമാനവും വര്‍ധിക്കും.
വരുമാനം വര്‍ധിക്കുന്നത് മദ്യത്തിന്‍റെ ഉപഭോഗം കൂടുന്നത് കൊണ്ട് മാത്രമല്ല, മദ്യ ഉപഭോഗം കുറയുന്ന സാഹചര്യത്തിലും നികുതി വര്‍ധിക്കുന്നത് വരുമാന വര്‍ധനവിന് ഇടയാക്കും. മദ്യ ശാലകള്‍ പൂട്ടിയത് കൊണ്ട് മദ്യഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.