തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെ.ആര്‍ ഗൗരിയമ്മയെ അനുസ്‌മരിച്ച് രാഷ്‌ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ. സ്ത്രീ മുന്നേറ്റത്തിന് പ്രചോദനമായ നേതാവായിരുന്നു ഗൗരിയമ്മ. സാമൂഹിക നീതിക്കും വ്യാവസായിക വളർച്ചയ്ക്കും വേണ്ടി വലിയ പ്രതിസന്ധികൾ നേരിട്ട ഗൗരിയമ്മ വനിത മുന്നേറ്റത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഗൗരിയമ്മയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ചരിത്രത്തോടൊപ്പം നടക്കുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്, എന്നാൽ ചരിത്രത്തിനു മുന്നിൽ നടന്നയാളാണ് ഗൗരിയമ്മ. കേരള സമൂഹത്തിന്‍റെ പുനഃസൃഷ്ടിക്ക് ശ്രദ്ധേയമായ പങ്ക് നിർവഹിച്ച ഗൗരിയമ്മയുടെ മരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
ജനങ്ങൾ ഝാൻസിറാണി എന്ന് വിളിച്ച ഗൗരിയമ്മയുടെ വിയോഗം താങ്ങാനാകാത്തതാണെന്ന് സിഎംപി നേതാവ് സി.പി ജോൺ പ്രതികരിച്ചു. തെറ്റുകളോട് പൊരുതി ജീവിതം പൂർത്തിയാക്കിയാണ് ഗൗരിയമ്മ കടന്നുപോകുന്നത്. സി.എം.പിയെ സംബന്ധിച്ചിടത്തോളം താങ്ങും തണലുമായിരുന്നു ഗൗരിയമ്മയെന്നും സി.പി ജോൺ പറഞ്ഞു
നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിന്‍റെ താളാണ് മറിയുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേരത്തിലെ സാമൂഹ്യ ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ ഗൗരിയമ്മയുടെ കരസ്‌പര്‍ശം ഏല്‍ക്കാത്ത സംഭവങ്ങള്‍ വിരളമാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.