തിരുവനന്തപുരം : നിരന്തരമായ വെള്ളപ്പൊക്കത്തെ തുടർന്ന് കുട്ടനാട്ടിൽ നിന്നും ജനം പലായനം ചെയ്യുന്നതായി പ്രതിപക്ഷം. പ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പി.സി. വിഷ്‌ണുനാഥാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടിസ് നൽകിയത്.
'കുട്ടനാട്ടിൽ നിന്ന് 30 കുടുംബങ്ങളോളം പാലായനം ചെയ്‌തു'
2018ന് ശേഷം കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് മാത്രം കടുത്ത ദുരിതത്തെ തുടർന്ന് 30 കുടുംബങ്ങൾ പാലായനം ചെയ്‌തതായി പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. കുട്ടനാട്ടിലെ ജനങ്ങളുടെ നിശബ്‌ദമായ നിലവിളി സർക്കാർ കേൾക്കുന്നില്ല.
ഓരോ ബജറ്റിലും കോടികൾ പ്രഖ്യാപിക്കുന്നത് അല്ലാതെ ഒന്നും നടക്കുന്നില്ല. പാക്കേജുകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കുട്ടനാട്ടിൽ നിന്നുള്ള എംഎൽഎമാരുമായി സർക്കാർ ആശയവിനിമയം നടത്തുന്നില്ലെന്നും വിഷ്‌ണുനാഥ് ആരോപിച്ചു.
നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കുട്ടനാടിനെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ പറഞ്ഞു. തോട്ടപ്പള്ളി സ്‌പിൽവേ വഴിയും മറ്റ് അനുബന്ധ കനാലുകളിലൂടെയും ശരിയായ രീതിയിൽ വെള്ളം പുറത്തേക്ക് പോകാത്തതാണ് പ്രശ്‌നത്തിന് കാരണം.