തിരുവനന്തപുരം: കശ്‌മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തില്‍ കെ.ടി ജലീല്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ഒരു എംഎല്‍എ ഇത്തരം രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്താന്‍ പാടില്ലെന്നും തരൂർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു തിരുവനന്തപുരം എംപിയുടെ പ്രതികരണം.
'ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്‌ത ഒരു എംഎൽഎ 'ആസാദ് കശ്‌മീർ', 'ഇന്ത്യൻ അധിനിവേശ കശ്‌മീർ' തുടങ്ങിയ രാജ്യവിരുദ്ധ പദങ്ങൾ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പ്രയോഗങ്ങള്‍ വെറുതെ പിൻവലിക്കുക മാത്രമല്ല ജലീല്‍ ഉടൻ രാജ്യത്തോട് മാപ്പ് പറയണം', തരൂർ ട്വീറ്റ് ചെയ്‌തു.
ജമ്മു കശ്‌മീർ യാത്രയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും തവനൂർ എംഎല്‍എയുമായ കെ.ടി ജലീല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. ഓഗസ്റ്റ് 12ന് ഫേസ്‌ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള 'ആസാദ് കശ്‌മീര്‍' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യ ഈ പ്രദേശത്തെ ഔദ്യോഗികമായി 'പാക് അധീന കശ്‌മീര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതിന് പിന്നാലെ ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച കെ.ടി ജലീല്‍ താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്‌തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കി. അതേസമയം, ജലീലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Read more: പാക് അധീന കശ്‌മീരിനെ 'ആസാദ് കശ്‌മീര്‍' എന്ന് വിശേഷിപ്പിച്ചു; വിവാദമായി കെ.ടി ജലീലിന്‍റെ എഫ്.ബി കുറിപ്പ്