കേരളം

kerala

ETV Bharat / city

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ നിലപാട് പരിഹാസ്യമെന്ന് കെ. സുരേന്ദ്രന്‍

സ്പ്രിംഗ്ലർ വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത് സർക്കാരിനേറ്റ തിരിച്ചടിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ.

By

Published : Apr 21, 2020, 5:24 PM IST

k.surendran press meet  സ്‌പ്രിംഗ്ലര്‍ വിവാദം  കെ. സുരേന്ദ്രൻ  k. surendran
സ്‌പ്രിംഗ്ലര്‍; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ നിലപാട് പരിഹാസ്യമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിംഗ്ലർ ഡാറ്റാ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ നിലപാട് പരിഹാസ്യവും നിലവാര തകർച്ചയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആധാർ വിവരങ്ങൾ ചോരുന്നുവെന്ന കള്ളം പാർലമെന്‍റിൽ പ്രചരിപ്പിച്ച പാർട്ടിയാണ് സിപിഎം. ആ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനത്താണ് ജനങ്ങളുടെ വിവരങ്ങൾ ജനങ്ങൾ അറിയാതെ കുത്തക കമ്പനിക്ക് കൈമാറിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം പോളിറ്റ് ബ്യൂറോ മുഖ്യമന്ത്രിയുടെ താഴെയാണോ എന്ന് സുരേന്ദ്രൻ ചോദിച്ചു. കൂടാതെ സ്പ്രിംഗ്ലർ വിഷയത്തിൽ സിപിഎമ്മിന്‍റെ തത്ത്വാധിഷ്ഠിത നയം പണത്തിനു വേണ്ടി അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം സ്പ്രിംഗ്ലർ വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത് സർക്കാരിനേറ്റ തിരിച്ചടിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ കൈയ്യിൽ ഫലപ്രദമായ കമ്പനികൾ ഉണ്ടായിട്ടും പൊലീസിന്‍റെ ഇ -പാസ് ഉൾപ്പെടെ കൊടുക്കാൻ സ്വകാര്യ കുത്തക കമ്പനികളെ ഏൽപിച്ചത് എന്തിനെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്പ്രിംഗ്ലർ വിഷയത്തിൽ ഗവൺമെന്‍റിനെ തിരുത്താനായി ശക്തമായ നിയമ പോരാട്ടത്തിനായി ബിജെപി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം 895.5 കോടി രൂപ കേന്ദ്ര സർക്കാർ കേരളത്തിന് കൊടുത്തിട്ട് ധനമന്ത്രി ഒന്നും പറയുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനം കൊവിഡ് ആശ്വാസമായി പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജ് ജലരേഖ എന്ന് തെളിഞ്ഞതായും സുരേന്ദ്രൻ പരിഹസിച്ചു. കൂടാതെ സമയബന്ധിതമായി കിറ്റുകൾ എത്തിക്കണമെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അതേസമയം സർക്കാർ പുതിയ ബാറുകൾക്ക് അനുമതി കൊടുത്തത് അപലപനീയമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details