കേരളം

kerala

ETV Bharat / city

കെ സ്വിഫ്‌റ്റ്: ആദ്യ സര്‍വീസ് ബെംഗളൂരുലേക്ക്, 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

കെഎസ്‌ആർടിസി ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്.

ksrtc swift service latest  k swift service to begin from april 11  pinarayi k swift service flag off  കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നു  കെഎസ്‌ആര്‍ടിസി കെ സ്വിഫ്‌റ്റ്  കെ സ്വിഫ്‌റ്റ് ആദ്യ സര്‍വീസ്  കെ സ്വിഫ്‌റ്റ് മുഖ്യമന്ത്രി ഫ്ലാഗ്‌ ഓഫ്  കെ സ്വിഫ്‌റ്റ് തിരുവനന്തപുരം ബെംഗളൂരു സര്‍വീസ്
കെഎസ്‌ആര്‍ടിസി കെ സ്വിഫ്‌റ്റ്: തിരുവനന്തപുരത്തു നിന്നും ബെംഗളൂരിലേയ്ക്ക് ആദ്യ സര്‍വീസ്, 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

By

Published : Apr 6, 2022, 12:52 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഇനി കിടന്നുറങ്ങി യാത്ര ചെയ്യാം. അത്യാധുനിക യാത്ര സംവിധാനത്തോട് കൂടി കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനി കെ സ്വിഫ്റ്റ് യാഥാര്‍ഥ്യത്തിലേയ്ക്ക്. ഇതുവരെ സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കയ്യടക്കാന്‍ അത്യാധുനിക ശ്രേണിയിലുള്ള ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും.

കെഎസ്‌ആര്‍ടിസി കെ സ്വിഫ്‌റ്റ് ബസ്

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി രൂപീകരിച്ച കെ സ്വിഫ്റ്റിന്‍റെ ആദ്യ സര്‍വീസ് ഏപ്രില്‍ 11ന് തിരുവനന്തപുരത്തു നിന്നും ബെംഗളൂരിലേയ്ക്ക് യാത്ര തിരിക്കും. തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് സര്‍വീസിന് ഔദ്യോഗിക തുടക്കമാകുന്നത്. മികച്ച നിലവാരത്തിലുള്ള യാത്രാസൗകര്യം പ്രദാനം ചെയ്യുകയാണ് കെ സ്വിഫ്റ്റിന്‍റെ പ്രധാന ഉദ്ദേശം.

ടിക്കറ്റ് ബുക്കിങിന് ഓണ്‍ലൈന്‍ റിസര്‍വേഷന്‍:കേരള സര്‍ക്കാര്‍ ആദ്യമായി സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തില്‍ ഇറക്കുന്നുവെന്ന പ്രത്യേകതയും കെ സ്വിഫ്റ്റിനുണ്ട്. 116 ബസാണ് സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയത്. ഇതില്‍ 99 ബസുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.

99 ബസുകളില്‍ 28 എണ്ണം എസി ബസും എട്ട് എണ്ണം എസി സ്ലീപ്പറുമാണ്. 20 ബസുകള്‍ എസി സെമി സ്ലീപ്പറാണ്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെഎസ്ആര്‍ടിസി-സ്വിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക. ടിക്കറ്റ് ബുക്കിങിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉടന്‍ നടപ്പാക്കും.

ഏപ്രില്‍ 12ന് ബെംഗളൂരുവില്‍ നിന്നുള്ള മടക്ക സര്‍വീസ് ഗതാഗതമന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യഘട്ടത്തില്‍ ബെംഗളൂരുവിന് പുറമേ മൈസൂര്‍, കോയമ്പത്തൂര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലേയ്ക്കാണ് സര്‍വീസ്. വോള്‍വോ, അശോക് ലെയ്‌ലാന്‍ഡ് കമ്പനികളുടെ ആഡംബര ബസുകളാണ് കെ സ്വിഫ്റ്റിന്‍റെ ഭാഗമാകുന്നത്.

ഒരു കോടിക്ക് മുകളില്‍ വിലയുള്ള ബസ്:ബെംഗളൂരു ആസ്ഥാനമായ വി.ഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് ബിഎസ്6 ശ്രേണിയില്‍ സ്വന്തം ഫാക്‌ടറിയില്‍ നിര്‍മിക്കുന്ന ബസാണ് കെ സ്വിഫ്റ്റിനായി ഉപയോഗിക്കുന്നത്. ഇന്ധനക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം, സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും എബിഎസ് ആന്‍ഡ് ഇബിഡി, ഇഎസ്‌പി സംവിധാനങ്ങളും. സുഖയാത്ര ഉറപ്പാക്കുന്നതിന് എട്ട് എയര്‍ ബെല്ലോയോട് കൂടിയ സസ്‌പെന്‍ഷന്‍ സിസ്റ്റം ട്യൂബ് ലെസ് ടയറുകളും ബസിലുണ്ട്.

ഒരു ബസിന് 1,38,50,000 രൂപയാണ് വില. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യാം. വോള്‍വോ കൂടാതെ അശോക് ലെയ്‌ലാന്‍ഡ് കമ്പനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എസി ബസുകളും ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഭാഗമാകും. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയിലെ പ്രത്യേക കമ്പനി:കെഎസ്ആര്‍ടിസിയില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായാണ് കെ സ്വിഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്പനി രൂപീകരിച്ചത്. സ്വതന്ത്രമായ പ്രത്യേക കമ്പനി രൂപീകരിച്ച് കിഫ്ബി സാമ്പത്തിക സഹായത്തോടെ ബസുകള്‍ വാങ്ങി സര്‍വീസ് നടത്തുകയാണ് മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ കനത്ത നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നും കെ സ്വിഫ്‌റ്റിലേക്ക് മാറ്റുന്നത് കോര്‍പ്പറേഷനെ തകര്‍ക്കുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മാനേജ്‌മെന്‍റ് മുന്നോട്ട് പോകുന്നത്. കെഎസ്‌ആര്‍ടിസിയിലെ യൂണിയനുകളും കെ സ്വിഫ്റ്റിന് എതിരാണ്.

ഡ്രൈവര്‍ കം കണ്ടക്‌ടര്‍:കെ സ്വിഫ്റ്റില്‍ ഡ്രൈവര്‍ കണ്ടക്‌ടര്‍ തസ്‌തിക സംയോജിച്ചാണ് ജീവനക്കാരെ നിയോഗിക്കുന്നത്. ഡ്രൈവറായും കണ്ടക്‌ടറായും ജീവനക്കാര്‍ ജോലി ചെയ്യണം. കരാര്‍ അടിസ്ഥാനത്തിലാകും ഇവരെ നിയമിക്കുക.

ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്. ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവർക്ക് ജോലി നഷ്‌ടമാകും. കെഎസ്ആര്‍ടിസി മുന്‍പ് പുറത്തിറക്കിയ 18 സ്‌കാനിയ ബസുകള്‍ അപകടത്തില്‍പ്പെട്ട് ചിലത് നശിച്ചുപോകുന്ന സ്ഥിതിയിലെത്തിയിരുന്നു.

ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നത്. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം.

പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. കെഎസ്ആര്‍ടിസിയില്‍ നിന്നൊഴിവാക്കിയ താത്കാലിക ജീവനക്കാര്‍ക്കാണ് സ്വിഫ്റ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇന്‍റര്‍വ്യൂ അടക്കമുളള നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം പൂര്‍ത്തിയായി കഴിഞ്ഞു.

കെഎസ്ആര്‍ടിസി സിഎംഡിയായി ബിജു പ്രാഭാകര്‍ ഐഎഎസ് എത്തിയതോടെയാണ് കെ സ്വിഫ്റ്റ് എന്ന സര്‍ക്കാര്‍ ലക്ഷ്യം വേഗത്തില്‍ പൂര്‍ത്തിയായത്. ഇടത് യൂണിയനുകളടക്കം എതിര്‍പ്പുമായി പല തവണ രംഗത്തെത്തിയെങ്കിലും സിഎംഡി തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയില്ല. യൂണിയനുകളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയാണ് പുതിയ കമ്പനി യാഥാര്‍ഥ്യമാക്കിയത്.

Also read: കെഎസ്ആര്‍ടിസി വൻ പ്രതിസന്ധിയിലെന്ന് മന്ത്രി; ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് വിശദീകരണം

ABOUT THE AUTHOR

...view details