തിരുവനന്തപുരം:കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശിക നാളെ(06.09.2022) തന്നെ തീർത്തുനൽകുമെന്ന് യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടർന്നുള്ള മാസങ്ങളിൽ അഞ്ചിന് മുൻപ് തന്നെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. 12 മണിക്കൂർ സ്‌പ്രെഡ് ഓവർ അംഗീകരിക്കില്ലെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ പറഞ്ഞു.
എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കാം. ശമ്പളക്കരാർ ചർച്ചയുടെ കാലത്ത് 12 മണിക്കൂർ ഡ്യൂട്ടിയെന്ന് മാനേജ്‌മെന്‍റ് പറഞ്ഞിട്ടില്ല. ചർച്ചയിലെ ശമ്പളക്കാര്യം സ്വാഗതാർഹമാണ്. ഓണം അഡ്വാൻസും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കാനാകില്ലെന്ന നിലപാട് ബിഎംഎസും ആവർത്തിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് യൂണിയൻ അംഗീകരിക്കില്ലെന്ന് ബിഎംഎസ് മുഖ്യമന്ത്രിയെ അറിയിച്ചു.
കെഎസ്‌ആർടിസിയിലെ വരവുചെലവ് കണക്കുകൾ പരിശോധിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നിൽ മാനേജ്‌മെന്‍റ് നൽകിയതെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു. എട്ട് മണിക്കൂർ ഡ്യൂട്ടി അംഗീകരിച്ചു. 12 മണിക്കൂർ ഡ്യൂട്ടിയിൽ തർക്കമുണ്ട്. ചർച്ച വിജയമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഇടപെടൽ ഗുണകരമായിരുന്നുവെന്നും ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു.