തിരുവനന്തപുരം:ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല പൊതുഗതാഗത സൗകര്യമൊരുക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരെ ബിഎംഎസ്. വിശപ്പിന് വില നൽകുന്ന സർക്കാരല്ല കേരളം ഭരിക്കുന്നതെന്നും പൊതുഗതാഗതത്തെ തകർക്കാനാണ് സർക്കാർ ശ്രമമെന്നും കെഎസ്‌ആർടി എംപ്ലോയിസ് സംഘ് (ബിഎംഎസ്) ജനറൽ സെക്രട്ടറി കെഎൽ രാജേഷ് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ ബിഎംഎസിന്‍റെ ശമ്പള സമരം: എല്ലാ മാസവും സമരം ചെയ്യാൻ തൊഴിലാളികൾക്ക് കഴിയില്ലെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. 193 കോടി രൂപ വരുമാനമുണ്ടാക്കിയ സ്ഥാപനത്തിൽ തൊഴിലാളിക്ക് ശമ്പളം നൽകാനുള്ള മര്യാദ സർക്കാർ കാണിക്കണം. ജോലി ചെയ്യുന്നവർക്ക് ശമ്പളം നിഷേധിക്കുന്നത് ഗുണ്ടായിസവും ക്രിമിനൽ പ്രവർത്തിയുമാണെന്ന് ബിഎംഎസ് പറഞ്ഞു.
സിഐടിയുവിന് ആത്മാർഥതയില്ല: സിഐടിയു ചെയ്യുന്നത് കരിങ്കാലിപ്പണിയാണെന്നും ബിഎംഎസ് ആരോപിച്ചു. സിഐടിയു സമരത്തിന് ആത്മാർഥതയില്ല. കഴിഞ്ഞ മാസം നടന്ന ശമ്പള സമരത്തെ സിഐടിയു ഒറ്റുകൊടുത്തു. തൊഴിലാളികളുടെ വിശപ്പ് സിഐടിയുവിന് പ്രശ്‌നമല്ല. അതുകൊണ്ടാണ് യോജിച്ചുള്ള പ്രക്ഷോഭം നടക്കാത്തത്.