തിരുവനന്തപുരം:യാത്രക്കാർ കൂടുതൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി മലക്കപ്പാറയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്ആർടിസി. നിലവിൽ ചാലക്കുടി ഡിപ്പോയിൽ നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം ആറോളം ബസുകളാണ് മലക്കപ്പാറയിലേക്ക് സർവീസ് നടത്തുന്നത്. ഇനിയും യാത്രക്കാർ കൂടുന്ന പക്ഷം കൂടുതൽ യാത്ര സൗകര്യം ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
90 കിലോമീറ്റർ യാത്ര
ചാലക്കുടിയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള അതിരപ്പള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൾക്കുത്ത് ഡാം തുടങ്ങിയവ കണ്ട് കാടിനുള്ളിൽ കൂടിയുള്ള 90 കിലോമീറ്റർ യാത്രയാണ് മലക്കപ്പാറയിലേക്ക് ഉള്ളത്. പ്രകൃതി രമണീയമായ തേയില തോട്ടം ഉൾപ്പെടെ കണ്ട് തിരികെ വരാൻ ഒരാൾക്ക് ഓർഡിനറി ടിക്കറ്റ് നിരക്കായ 204 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്ക്.
സർവീസുകൾ രാവിലെ ഏഴ് മണി മുതൽ
പെരിങ്ങൽകുത്ത് ഡാം പ്രദേശത്ത് ഇറങ്ങാൻ വനം വകുപ്പിന്‍റെ അനുവാദമില്ലാത്തതിനാൽ ബസിനുള്ളിൽ ഇരുന്ന് കൊണ്ട് ഡാം സൈറ്റ് കാണാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരം രാവിലെ ഏഴ് മണി മുതൽ മലക്കപ്പാറയിലേക്കുള്ള സർവീസുകൾ ആരംഭിക്കും. ഏകദേശം മുക്കാൽ മണിക്കൂർ യാത്രകൊണ്ട് ആദ്യ സ്റ്റോപ്പായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തും. അവിടെ യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവും ഉണ്ട്.