തിരുവനന്തപുരം: ദേശീയപാതയിലെ യാത്രാക്ലേശം പൂർണമായി പരിഹരിക്കാനും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സുഖയാത്ര പ്രദാനം ചെയ്യാനുമായി നെയ്യാര്‍ ഷട്ടില്‍ സര്‍വീസ് ആരംഭിച്ച് കെഎസ്ആർടിസി. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ച് പുതിയ സർവീസുകളാണ് ആദ്യഘട്ടത്തിൽ നാളെ (02/02/2022) മുതൽ ആരംഭിക്കുക.
നെയ്യാർ ഷട്ടിൽ എന്ന് നാമകരണം ചെയ്‌തിട്ടുള്ള സിറ്റി സർവീസുകള്‍ക്ക് ഓർഡിനറി നിരക്ക് മാത്രമാണ് ഈടാക്കുന്നത്. രാവിലെ ആറ് മണി മുതൽ വൈകീട്ട് ഏഴ് വരെ തുടർച്ചയായി നെയ്യാറ്റിൻകരയിൽ നിന്ന് കിഴക്കേക്കോട്ട വഴി തമ്പാനൂരിലേക്കും തിരിച്ച് കരമന വഴി നെയ്യാറ്റിൻകരയിലേക്കും അഞ്ച് നെയ്യാർ ഷട്ടിൽ സർവീസുകള്‍ ഉണ്ടാകും.
സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ്
നീലപെയിൻ്റടിച്ച് പ്രത്യേകം ക്രമീകരിച്ച നോൺ എസി ലോ ഫ്ലോർ ബസുകളാണ് നിർദിഷ്‌ട യാത്രക്ക് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. വയോജനങ്ങൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ബസിലേക്ക് കയറാനും ഇറങ്ങാനും കഴിയുന്ന വിധത്തിലാണ് ബസിലേക്കുള്ള പ്രവേശന ക്രമീകരണം.
സ്ഥിരം യാത്രക്കാര്‍ക്കായി നെയ്യാർ ഷട്ടിൽ ബസിൽ സീസൺ ടിക്കറ്റുകൾക്ക് സമാനമായ കാർഡുകളും ഏർപ്പെടുത്തും. ഇത്തരം കാർഡ് ഉപയോഗിച്ചുകൊണ്ടുള്ള യാത്രയിലൂടെ ഉപഭോക്താവിന് പണം ലാഭിക്കാനും പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ അവകാശവാദം.
നെയ്യാർ ഷട്ടിൽ ബസുകളിലെ യാത്രക്കാർക്ക് സ്റ്റാച്യു, പാളയം, പിഎംജി, പട്ടം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് ബസിൽ നിന്ന് തന്നെ ടിക്കറ്റ് എടുക്കാനാകും. ഈ ടിക്കറ്റ് ഉപയോഗിച്ച് തമ്പാനൂരിൽ നിന്നോ കിഴക്കേക്കോട്ടയിൽ നിന്നോ സിറ്റി സർക്കുലറിലോ മറ്റ് ബസുകളിലോ തുടർ യാത്ര ചെയ്യാനാവും എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇതിലൂടെ യാത്രക്കാരുടെ സമയവും പണവും ലാഭിക്കാനാവും.