തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന അന്തർ ജില്ല സർവീസുകൾ പുന:രാരംഭിച്ചിട്ടും വരുമാനത്തിൽ നേട്ടമുണ്ടാക്കാനാകാതെ കെ.എസ്.ആർ.ടി.സി. അന്തർ ജില്ലാ സർവീസുകൾ ഉൾപ്പെടെ ആകെ 90 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ബസുകൾ കഴിഞ്ഞ ദിവസം സർവീസ് നടത്തിയത്. 945 ബസുകൾ സർവീസ് നടത്തിയപ്പോൾ 39, 50,630 രൂപയായിരുന്നു കളക്ഷൻ. എറണാകുളത്ത് 875 ബസുകൾ സർവീസ് നടത്തിയപ്പോൾ 35, 73 226 രൂപയും കളക്ഷൻ ലഭിച്ചു. കോഴിക്കോട് 434 സർവീസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയത്. 15, 51810 രൂപയായിരുന്നു കളക്ഷൻ. ആകെ വരുമാനം 90,75666 രൂപയും. 2254 സർവീസുകളാണ് ആകെ ഓപ്പറേറ്റ് ചെയ്തത്.
നഷ്‌ടത്തില്‍ ഓട്ടം തുടര്‍ന്ന് കെഎസ്‌ആര്‍ടിസി; 12 ദിവസത്തെ നഷ്‌ടം ആറ് കോടിയിലധികം - ksrtc collection update
90 ലക്ഷം രൂപ മാത്രമാണ് കഴിഞ്ഞ ദിവസത്തെ വരുമാനം.
2190 ഓർഡിനറി ബസുകളും 10 37 ഫാസ്റ്റ് പാസഞ്ചർ ബസുകളും സർവീസ് നടത്തുമെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നത്. സർവീസുകളുടെ എണ്ണം കൂടിയിട്ടും എല്ലാ സീറ്റിലും യാത്രാക്കാരെ അനുവദിച്ചിട്ടും വരുമാനത്തിൽ കാര്യമായ വർധന ഉണ്ടായില്ല. അന്തർ ജില്ല സർവീസുകൾ ആരംഭിക്കുന്നതിന് മുൻപും 90 ലക്ഷം രൂപ വരുമാനം ലഭിച്ച ദിവസങ്ങളുണ്ട്. തിങ്കളാഴ്ച 1629 സർവീസുകൾ നടത്തിയപ്പോൾ 90, 04351 രൂപ കളക്ഷൻ ലഭിച്ചിരുന്നു. മെയ് 29ന് 87,45,209 രൂപയും കളക്ഷൻ ഇനത്തിൽ ലഭിച്ചിരുന്നു. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ചാർജ് വർധനവ് ഒഴിവാക്കിയതും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. സർവീസുകൾ പുന:രാരംഭിച്ച ശേഷമുളള 12 ദിവസം 6, 27, 64, 078 രൂപയാണ് കെ.എസ്. ആർ.ടി.സിയുടെ നഷ്ടം.