തിരുവനന്തപുരം: മഴ കുറഞ്ഞതിനാല്‍ ഇടുക്കി ഡാം ഉടന്‍ തുറക്കില്ലെന്ന് കെഎസ്ഇബി. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.40 അടിയും.
ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറന്ന് 100 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ഇനി മഴ പെയ്താല്‍ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി.
മഴ കുറഞ്ഞതിനാല്‍ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയും റെഡ് അലര്‍ട്ട് 2399.03 അടിയുമാണ്.
അതേസമയം മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കൻഡില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം.
ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ തുറന്നത് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.