തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.എസ് ശബരിനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി. ശംഖുമുഖം അസിസ്റ്റൻ്റ് കമ്മിഷണർ ഓഫിസിലാണ് ശബരിനാഥൻ ഹാജരായത്. വധശ്രമത്തിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ട് യൂത്ത് കോൺഗ്രസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ കെ.എസ് ശബരിനാഥൻ്റെ പേരിൽ വന്ന സന്ദേശത്തിന്‍റെ സ്‌ക്രീൻഷോട്ട് പുറത്തുവന്നതോടെയാണ് ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാൻ ശംഖുമുഖം അസിസ്റ്റൻ്റ് കമ്മിഷണർ പൃഥ്വിരാജ് വിളിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ആലോചിച്ച് എടുത്ത തീരുമാനമാണ് വിമാനത്തിലെ പ്രതിഷേധമെന്ന് ശബരിനാഥൻ വ്യക്തമാക്കി. പുറത്തുവന്ന സ്‌ക്രീൻഷോട്ടിൽ കണ്ടത് തൻ്റെ സന്ദേശമാണോ എന്ന് പൊലീസിനോട് പറയും.
പ്രതിഷേധിച്ചത് സമാധാനപരമായി: നിയമപരമായി, സമാധാനപരമായാണ് വിമാനത്തിൽ പ്രതിഷേധിച്ചതെന്നും അതിനെ വധശ്രമമാക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണെന്നും ശബരിനാഥൻ പ്രതികരിച്ചു. ഊരിപ്പിടിച്ച വടിവാളോ കയ്യിൽ ഒരു റെയ്‌നോൾഡ്‌സ് പേനയോ പോലും ഇല്ലാതെയാണ് പ്രവർത്തകർ പ്രതിഷേധം, പ്രതിഷേധം എന്ന രണ്ടുവാക്ക് പറഞ്ഞത്. അവരെ വധിക്കാൻ ശ്രമിച്ചതും ആക്രമിച്ചതും ഇ.പി ജയരാജനാണ്. അദ്ദേഹത്തിന് എതിരെ നിരവധി പരാതികൾ നൽകിയിട്ടും കേസെടുത്തില്ല.
ഇ.പി ജയരാജന് ഇൻഡിഗോ ഏർപ്പെടുത്തിയ മൂന്നാഴ്‌ചത്തെ വിലക്ക് കുറഞ്ഞുപോയി. ലെവൽ ടു കുറ്റകൃത്യം എന്ന നിലയിൽ കൂടുതൽ കാലത്തെ യാത്ര വിലക്ക് ഏർപ്പെടുത്തേണ്ടിയിരുന്നു എന്നും ശബരിനാഥൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്‍റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരിനാഥിന്‍റെ പേരിലുള്ള വാട്‌സ്‌ആപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ഷോട്ടും പ്രചരിച്ചത്.
Also read: മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിക്കാന്‍ നിർദേശം നൽകിയത് കെ.എസ് ശബരിനാഥനോ; വാട്‌സ്ആപ്പ് ചാറ്റുകൾ സോഷ്യല്‍ മീഡിയയില്‍