തിരുവനന്തപുരം: കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഭാരവാഹി പട്ടികയുമായി ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയെയും പ്രയങ്ക ഗാന്ധിയെയും കാണും.
രണ്ടുദിവസത്തിനുള്ളില്‍ കെപിസിസി ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കെപിസിസി ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളുമുള്‍പ്പെടെ 51 അംഗങ്ങള്‍ മതിയെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന നിലപാടിലുറച്ചുതന്നെയാണ് കെ സുധാകരന്‍.
51 അംഗങ്ങള്‍ മതി
അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന് ചര്‍ച്ചകളില്‍ സുധാകരന്‍ വ്യക്തമാക്കി. ഭാരവാഹിത്വം ആര്‍ക്കും അലങ്കാരമായി കൊണ്ടുനടക്കാനാകില്ലെന്നും പ്രവര്‍ത്തിക്കാത്തവരെ ആറുമാസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നും സുധാകരന്‍ ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും വ്യക്തമാക്കി.
ഡിസിസി പുനസംഘടനാസമയത്ത് ഉയര്‍ന്നത് പോലെയുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കുന്നതിലേക്കുള്ള മുന്നൊരുക്കങ്ങള്‍ ഇത്തവണ സുധാകരനും സതീശനും നേരത്തേ സ്വീകരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കിയ പേരുകള്‍ സ്വീകരിക്കാന്‍ സതീശന്‍ തയ്യാറായി. എന്നാല്‍ ഇരുവരും നല്‍കിയ പേരുകള്‍ മുഴുവന്‍ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്.