തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്ക് നൽകിയതില്‍ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.ബി.ഐ പോലെ സ്വതന്ത്ര ഏജൻസിയെ വച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. കരാറിന് പിന്നിൽ പാർട്ടി നേതാക്കൾക്കോ കുടുംബത്തിനോ ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ-മൊബിലിറ്റി പദ്ധതി കരാര്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - പ്രൈസ് വാട്ടർ ഹൗസ് കൂ പ്പേഴ്സ്
കരാറിന് പിന്നിൽ പാർട്ടി നേതാക്കൾക്കോ കുടുംബത്തിനോ ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുത്ര വാത്സല്യത്താല്‍ അന്ധരായിരിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഉപദേശികളുടെയും ഉപജാപക സംഘത്തിന്‍റെയും വാക്കുകൾ കേട്ടാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുപ്രസിദ്ധ കമ്പനിക്ക് കരാർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണി സർക്കാർ അഴിമതിയിൽ മൂക്കറ്റം മുങ്ങിയിരിക്കുകയാണ്. ഓരോ ദിവസവും അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന കഥകൾ കേട്ടാണ് ജനങ്ങൾ ഉണരുന്നത്. കരാർ സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് അറിയില്ലെന്നാണ് പറയുന്നത്. എല്ലാവരെയും ഇരുട്ടിൽ നിർത്തി ആരുടെ സമ്മതത്തോടെയാണ് കരാർ നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.