തിരുവനന്തപുരം : അക്രമത്തിലൂന്നിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ജനത്തിന് മുന്നില്‍ തല കുനിക്കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇത്തരത്തില്‍ അധിക നാള്‍ അദ്ദേഹത്തിന് മുന്നോട്ടുപോകാനാകില്ല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ പതനം തുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.
സിൽവർലൈനിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്മാറേണ്ടി വന്നു. സിപിഎം അക്രമത്തിലൂടെ എന്ത് നേടുന്നുവെന്ന് ചിന്തിക്കണം. രാഷ്ട്രീയ അന്തസ് സിപിഎമ്മിന് ഇല്ല, മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അക്രമം അഴിച്ചുവിടുന്നത്.
കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല :അക്രമം കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് സിപിഎമ്മിന്‍റെ വിചാരം. സിപിഎം ഓഫിസുകള്‍ തകര്‍ക്കാന്‍ പറഞ്ഞാല്‍ അത് ചെയ്യുന്ന പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുമുണ്ട്. എന്നാല്‍ അത് ചെയ്യാന്‍ കോണ്‍ഗ്രസിന്‍റെ അന്തസ് അനുവദിക്കുന്നില്ല.
Also read: 'മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു, നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കി' ; റിപ്പോര്‍ട്ട് നല്‍കി വിമാന കമ്പനി, അന്വേഷിക്കാന്‍ പ്രത്യേക സംഘം
അക്രമം നിര്‍ത്താന്‍ സിപിഎം തയാറായില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. സമരമുഖത്ത് പൊലീസ് സിപിഎം ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കും, എന്നാല്‍ കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഇ.പി ജയരാജന്‍ നുണ പറയുകയാണ് : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്തെ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയല്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇത്തരം പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല, അത് ഒഴിവാക്കാമായിരുന്നു. എന്നാല്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ ഒരിക്കലും തള്ളിപ്പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.
വിമാനത്തിലെ സംഭവങ്ങളെക്കുറിച്ച് ഇ.പി ജയരാജന്‍ നുണ പറയുകയാണ്. ഓരോ സമയത്തും ഓരോന്നാണ് പറയുന്നത്. പ്രതിഷേധക്കാരെ തള്ളിയിടാന്‍ ജയരാജന് അധികാരമില്ല. ജയരാജന്‍ വിടുവായത്തം മാത്രമാണ് പറയുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.