തിരുവനന്തപുരം: കൊവിഡിന്‍റെ പേരിൽ സിപിഎം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി. സംസ്ഥാനത്തെ കൊവിഡ് പരിശോധനയിലെ കുറവും ക്വാറന്‍റൈന്‍ സൗകര്യങ്ങൾ ഒരുക്കുന്നതിലെ ഗുരുതര വീഴ്ചകളും അതിർത്തിയിൽ എത്തുന്നവർക്ക് സൗകര്യങ്ങളില്ലാത്തതും തുറന്നുകാട്ടാൻ നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഇതൊന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന അഭിപ്രായമാണ് രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ പങ്കുവെച്ചത്. പാർട്ടിയിൽ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർ പാർട്ടിക്ക് ഗുണം ചെയ്യുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇടപെടണമെന്ന വിമർശനം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്നു.
സിപിഎമ്മിന്‍റേത് വില കുറഞ്ഞ രാഷ്ട്രീയമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി - കോണ്‍ഗ്രസ് വാര്‍ത്തകള്‍
മുഖ്യമന്ത്രി നിരന്തരം വാർത്താസമ്മേളനങ്ങളിൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ്. അതിനാൽ സർക്കാരിന്‍റെ വീഴ്ചകളും പോരായ്മകളും തുറന്നുകാണിക്കാൻ പ്രതിപക്ഷവും നിരന്തരം വാർത്താസമ്മേളനങ്ങൾ വിളിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി
മുഖ്യമന്ത്രി വാർത്താസമ്മേളനങ്ങളിൽ നിരന്തരം പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ്. അതിനാൽ സർക്കാരിന്‍റെ വീഴ്ചകളും പോരായ്മകളും തുറന്നുകാണിക്കാൻ പ്രതിപക്ഷവും നിരന്തരം വാർത്താസമ്മേളനങ്ങൾ വിളിക്കണം. എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും സിപിഎം വിലക്കെടുക്കുന്നു. കോടികൾ മുടക്കിയുള്ള ഇത്തരം പെയ്‌ഡ് പ്രചരണത്തിനെതിരെ ജാഗ്രത പാലിക്കണം. ഇവരെ തുറന്നുകാട്ടണമെന്നും രാഷ്ട്രീയകാര്യസമിതിയിൽ അഭിപ്രായമുയർന്നു. എംപിമാരെ ക്വാറന്‍റൈനിലാക്കിയത് വൈരാഗ്യബുദ്ധിയാണെന്നും രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി. പി.ആർ ഏജൻസി എഴുതി നൽകുന്ന പ്രസംഗമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനങ്ങളില്‍ വായിക്കുന്നത്. ഒരു ഭരണാധികാരിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത അധിക്ഷേപങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം സംയമനം പാലിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും നടപ്പാക്കിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് കേരളത്തില്‍ പിണറായി വിജയൻ പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിയെ നിരന്തരം പ്രശംസിക്കുന്ന ശശിതരൂർ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന വിമർശനവും യോഗത്തിലുണ്ടായി. തൃശൂരും കോഴിക്കോടും പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കാന്‍ വൈകരുതെന്ന ആവശ്യവും യോഗം ചർച്ച ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. മൂന്ന് മാസത്തിനുശേഷമാണ് രാഷ്ട്രീയ കാര്യ സമിതി ചേർന്നത്.