തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കെ.പി അനിൽകുമാറിന് പിന്നാലെ മറ്റൊരു കെ.പി.സി.സി ജനറല്‍സെക്രട്ടറിയായ ജി.രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന് രാജിക്കത്ത് നല്‍കിയതിനുപിന്നാലെ അദ്ദേഹം എ.കെ.ജി സെന്‍ററിലെത്തി. ഡിസിസി പുനസംഘടനയിലടക്കം തികഞ്ഞ അതൃപ്തിയിലായിരുന്നു രതികുമാര്‍.
കൊട്ടാരക്കര എം.എല്‍.എയും ധനമന്ത്രിയുമായ കെ.എന്‍ ബാലഗോപാല്‍ വഴിയാണ് അദ്ദേഹം സിപിഎമ്മിലേക്ക് പാലമിട്ടതെന്നാണ് സൂചന. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിനും പിന്നാലെയും കോണ്‍ഗ്രസ് വിടുന്നവരുടെ പട്ടികയില്‍ ഏഴാമനായി രതികുമാര്‍ മാറി.
കൊട്ടാരക്കര ചെങ്ങമ്മനാട് സ്വദേശിയായ രതികുമാര്‍ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.